തബ്രെസ് അൻസാരിയുടെ മരണത്തിൽ കുറ്റക്കാർക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി
റാഞ്ചി: ഝാർഖണ്ഡിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ തബ്രെസ് അൻസാരിയുടെ മരണത്തിൽ കുറ്റക്കാർക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സംസ്ഥാനത്തെ ആൾക്കൂട്ട കൊലപാതകങ്ങളുടെ കേന്ദ്രമായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും നിയമം എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ നടപ്പിലാക്കുമെന്നും മോദി പറഞ്ഞു.
ബി .ജെ .പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആൾക്കൂട്ട കൊലപാതകങ്ങൾ വർദ്ധിക്കുന്നെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളെ നിഷേധിച്ച മോദി ഏത് സംസ്ഥാനത്തിലായാലും ഇത്തരം സംഭവങ്ങളെ ഒരുമിച്ച് നിന്ന് നേരിട്ടാൽ മാത്രമെ ഇവ തടയാൻ സാധിക്കുകയുള്ളൂ എന്നും മോദി വ്യക്തമാക്കി. ഝാർഖണ്ഡിലെ ആൾക്കൂട്ട കൊലപാതകം മനുഷ്യത്വത്തിനേറ്റ കളങ്കമാണെന്നും അധികാരികളുടെ നിശബ്ദത തന്നെ ഞെട്ടിക്കുന്നെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. ഝാർഖണ്ഡിലെ ഖർസ്വാൻ ജില്ലയിൽ ജൂൺ 18നാണ് 24കാരനായ തബ്രെസ് അൻസാരിയെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം ആക്രമിച്ചത്.
ഗുരുതരാവസ്ഥയിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്‍സാരി ജൂൺ 22 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പൂണെയിൽ വെൽഡർ ആയി ജോലി ചെയ്യുന്ന തബ്രെസ് അൻസാരി കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ വേണ്ടിയാണ് ഝാർഖണ്ഡിലെ ഗ്രാമത്തിലെത്തിയത്. അൻസാരിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു. സംഭവത്തിൽ രാജ്യ വ്യാപകമായി പ്രതിഷേധമുയർന്നപ്പോൾ നാൽ പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

