മസ്തിഷ്‌ക ജ്വരം: ഏഴ് ദിവസത്തിനകം സർക്കാർ റിപ്പോർട്ട് നൽകണം: സുപ്രീംകോടതി
ന്യൂഡൽഹി: മസ്തിഷ്ക ജ്വരം മൂലം നിരവധിപേർ മരിക്കാനിടയായ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. എത്രയും വേഗം രോഗം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ ബിഹാർ സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. ഒരാഴ്ചയ്ക്കകം എഴുതി തയ്യാറാക്കിയ മറുപടി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
മുസാഫർപുരിൽ പടർന്ന് പിടിച്ച മസ്തിഷ്ക ജ്വരം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊണ്ടില്ലെന്നും എടുത്ത നടപടികൾ അപര്യാപ്തമാണെന്നും ചൂണ്ടിക്കാണിച്ച് മനോഹർ പ്രതാപ്, എസ്.അജ്മാനി എന്നിവരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഉത്തർപ്രദേശിലും സമാനമായ മരണം നടക്കുന്നുണ്ടെന്ന് വാദത്തിനിടെ ഒരു അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. പത്ത് ദിവസത്തിന് ശേഷം ഹർജിയിൽ കോടതി വീണ്ടും വാദം കേൾക്കും.

