ഉഷ്ണതരംഗം: ബീഹാറിൽ മരിച്ചവരുടെ എണ്ണം 70 ആയി
പാട്ന: ബീഹാറിൽ കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 70 ആയി. ഔറംഗാബാദ് , ഗയ, നവാദ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. എന്നാൽ പലയിടങ്ങളിലും ആളുകൾക്ക് സൂര്യാഘാതമേൽക്കുന്നത് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് തുടരുന്ന ബീഹാറിൽ മരണസംഖ്യ ഉയരുകയാണ്.
ഔറംഗാബാദിൽ മാത്രം 30 പേർ മരിച്ചു. ഗയയിൽ ഇരുപതും നവാദയിൽ പത്ത് പേരുമാണ് ഇതുവരെ മരിച്ചത്. ജന്‍ഹാബാദിലും അർവാളിലും ആർക്കും സൂര്യാഘാതമേറ്റിട്ടില്ല എന്നാണ് ആരോഗ്യവകുപ്പിന്‍റെ ഡിവിഷണൽ ഓഫീസ് വ്യക്തമാക്കുന്നത്. എന്നാൽ ഇവിടങ്ങളിൽ നിരവധി പേരാണ് കടുത്ത ചൂടിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ആവശ്യമായ എല്ലാ മരുന്നുകളും നൽകിയിട്ടുണ്ടെന്ന് ഗയ , ഔറംഗാബാദ് കളക്ടർമാർ അറിയിച്ചു. ആശുപത്രിയിലുള്ള പലരുടെയും ആരോഗ്യസ്ഥിതി മോശമാണ്. അഞ്ച് ജില്ലകളിൽ സിവിൽ സർജന്‍മാരുടെയും പ്രത്യേക ഡോക്ടർമാരുടെയും സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് റീജണൽ ഹെൽത്ത് ഡയറക്ടർ ഡോ. വിജയ് കുമാർ പറഞ്ഞു. ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സർക്കാർ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സ്കൂളുകളിൽ വേനൽക്കാല അവധി ജൂണ്‍ 19 വരെ നീട്ടി നൽകുകയും ചെയ്തു.

