കേരളത്തിലെ ഡോക്ടര്‍മാരും 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: പശ്ചിമ ബംഗാളിൽ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഐ.എം.എ നടത്തുന്ന രാജ്യ വ്യാപക പണിമുടക്കിന്റെ ഭാഗമായി കേരളത്തിലെ ഡോക്ടര്‍മാരും 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാണ് സംസ്ഥാനത്തെ ഡോക്ടർമാര്‍ രാജ്യവ്യാപക പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിൽ രാവിലെ എട്ടു മുതൽ 10 വരെ ഒ.പി പ്രവർത്തിച്ചില്ല.
മെഡിക്കൽ കോളജുകളിൽ 10 മുതൽ 11 വരെയാണ് ഡോക്ടർമാർ പണിമുടക്കിയത്. അതേസമയം ആർ.സി.സിയിൽ സമരം ഉണ്ടാകില്ല. സ്വകാര്യ ആശുപത്രികളും നാളെ രാവിലെ ആറു മണി വരെ ഒ.പി മുടക്കിയിട്ടുണ്ട്. ഐ.സി.യു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. സർക്കാർ ഡോക്ടർമാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല. സംസ്ഥാനത്തെ ദന്ത ആശുപത്രികളും പണിമുടക്കില്‍ പങ്കാളികളാകുന്നുണ്ട്.
കഴിഞ്ഞ മാസം കൊല്‍ക്കത്ത എന്‍.ആര്‍.എസ് ആശുപത്രിയില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെ ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ തുടങ്ങിവെച്ച സമരമാണ് രാജ്യവ്യാപകമായ നിലയിലായിരിക്കുന്നത്. ഇത് പിന്നീട് ഐ.എം.എ ഏറ്റെടുക്കുകയായിരുന്നു. രാജ്യവ്യാപക പണിമുടക്കോടെ ആശുപത്രിയില്‍ എത്തിയ രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.
അതിനിടയില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

