തിങ്കളാഴ്ച ദേശീയ മെഡിക്കല്‍ ബന്ദ്


ന്യൂഡല്‍ഹി: തിങ്കളാഴ്ച രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. പശ്ചിമബംഗാളിലെ ജൂണിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണു രാജ്യവ്യാപക പണിമുടക്കിന് ഐഎംഎ ആഹ്വാനം ചെയ്തിരിക്കുന്നത്. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇടപെട്ടു നിയമനിര്‍മാണം നടത്തണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ആവശ്യം.
എന്നാല്‍ സമരം രാഷ്‌ട്രീയപ്രേരിതമാണെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണം. പണിമുടക്കിനിടെ പശ്ചിമബംഗാളിലെ അഗര്‍പാരയില്‍ നവജാതശിശു ചികിത്സ കിട്ടാതെ മരിച്ചു. ഡോക്ടര്‍മാരുടെ സമരം മൂലം ചികിത്സ കിട്ടാതെയാണ് തന്‍റെ കുട്ടി മരിച്ചതെന്ന് പിതാവ് അഭിജിത് മല്ലിക് പറഞ്ഞു. ജൂണ്‍ 11നു ജനിച്ച്‌ കുട്ടിക്ക് ശ്വസനസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. 12-ാം തീയതിയായതോടെ കുട്ടിയുടെ നില തീര്‍ത്തും വഷളായി. മറ്റൊരു ആശുപത്രിയിലേക്കു പോകാനാണ് അഗര്‍പാര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അഭിജിത്തിനോടു പറഞ്ഞത്. എന്നാല്‍, പല ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും 13നു രാവിലെ കുട്ടി മരിച്ചെന്നും അഭിജിത് പറയുന്നു. 

ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ ഇന്നലെ സംസ്ഥാന വ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ഡല്‍ഹി എയിംസിലെയും സഫ്ദര്‍ജംഗ് ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ ഇന്നലെ പണിമുടക്കി. മഹാരാഷ്‌ട്രയില്‍ 4500-ലേറെ ഡോക്ടര്‍മാര്‍ ഇന്നലെ പണിമുടക്കി. ഹൈദരാബാദില്‍ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം സംഘടിപ്പിച്ചു.കോല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജൂണിയര്‍ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്നു മര്‍ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ബംഗാളില്‍ കഴിഞ്ഞ നാലു ദിവസമായി ജൂണിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലാണ്. കോല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ നിരവധി ഡോക്ടര്‍മാര്‍ രാജിവയ്ക്കുകയും ചെയ്തു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed