അഴിമതിയാരോപണം;അലോക് വര്‍മ്മയ്ക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയതായി റിപ്പോര്‍ട്ട്


ദില്ലി: കോഴ ആരോപണത്തെ കുറിച്ച് അന്വേഷിച്ച കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയതായി റിപ്പോര്‍ട്ട്. സുപ്രിം കോടതി മുന്‍ ജഡ്ജി എ പട്‌നായിക്കിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നാളെ സുപ്രിം കോടതിക്ക് കൈമാറും. അന്വേഷണത്തില്‍ കുറ്റക്കാരന്‍ അല്ലെന്ന് കണ്ടെത്തിയതിനാല്‍ നിര്‍ബന്ധിത അവധി റദ്ദാക്കി സിബിഐ ഡയറക്ടറായി ചുമതല ഏല്‍ക്കാന്‍ വര്‍മ്മയ്ക്ക് കോടതി അനുമതി നല്‍കിയേക്കും.

ഹൈദരാബാദിലെ വ്യവസായി സതീഷ് ബാബു സെന സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് രണ്ട് കോടി രൂപ കൈക്കൂലി നല്‍കി എന്ന ആരോപണത്തെ കുറിച്ചാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം നടത്തിയത്. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന കാബിനറ്റ് സെക്രട്ടറിക്ക് ഓഗസ്റ്റ് 24ന് നല്‍കിയ പരാതിയും, രേഖകളും ആണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ പരിശോധിച്ചത്.

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതിന് എതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി നാളെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് പരിഗണിക്കും. ജനുവരിയില്‍ ആണ് അലോക് വര്‍മ്മ സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്ന് വിരമിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed