കേന്ദ്ര മന്ത്രിയാണെന്ന് കരുതി എന്തും വിളിച്ചു പറയരുത് : പീയൂഷ് ഗോയലിനോട് പിണറായി
ന്യൂഡൽഹി : കേന്ദ്ര മന്ത്രിയായതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയാൻ കഴിയില്ലെന്നും കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതി ഉപേക്ഷിച്ചില്ല എന്ന് കേന്ദ്രമന്ത്രി പറഞ്ഞത് കൊണ്ടു മാത്രമായില്ലെന്നും പ്രാവർത്തികമാക്കേണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു. റെയിൽവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിൽ കേരളം നല്ല പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. കാര്യങ്ങൾ മനസിലാക്കാതെ മന്ത്രി പ്രതികരിക്കരുതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റെയിൽവേ വികസനത്തിന് കേരളം സ്ഥലമേറ്റെടുത്ത് നൽകുന്നതിൽ മെല്ലപ്പോക്ക് നയം സ്വീകരിക്കുന്നതായി പീയൂഷ് ഗോയൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
‘കേന്ദ്രമന്ത്രിയുടെ ഈ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. ഇനിയും തെറ്റിദ്ധാരണ ആവർത്തിക്കുകയാണെങ്കിൽ അത് മനഃപൂർവ്വമാണെന്ന് പറയേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആകാശത്തു കൂടി ട്രെയിൻ ഓടിക്കാൻ പറ്റില്ലെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ മറുപടി വിടുവായത്തമെന്നും പിണറായി പറഞ്ഞു.




