എ.ഡി.ജി.പിയുടെ മകൾക്കെതിരായ കേസിലെ അന്വേഷണം അട്ടിമറിക്കാൻ നീക്കം
തിരുവനന്തപുരം : പോലീസ് ഡ്രൈവർ ഗവാസ്കറെ മർദ്ദിച്ചെന്ന പരാതിയിൽ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകൾക്കെതിരായ കേസിലെ അന്വേഷണം അട്ടിമറിക്കാൻ നീക്കം. ഇതിന്റെ ഭാഗമായി വാഹന രേഖകളിൽ തിരുത്തൽ വരുത്തി. സംഭവ ദിവസം വാഹനമോടിച്ചത് മർദ്ദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്കറല്ലെന്നും മറ്റൊരാളാണെന്നും വരുത്തി തീർക്കാനാണ് രേഖകൾ തിരുത്തിയത്. ഇതോടൊപ്പം സാക്ഷികളെ സ്വാധീനിക്കാനും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാതെയും അന്വേഷണ സംഘം ഒത്തുകളിക്കുന്നുണ്ട്.
ജൂൺ പതിനാലിനാണ് കനകക്കുന്നിന് സമീപം വെച്ച് സുദേഷ് കുമാറിന്റെ മകൾ മർദ്ദിച്ചുവെന്ന് ഗവാസ്കർ പരാതി നൽകിയിരുന്നത്. എന്നാൽ അന്നേ ദിവസം സുദേഷ് കുമാറിന്റെ വീട്ടിൽ വാഹനം ഓടിച്ചത് ജയ്സൺ എന്ന പോലീസുകാരനാണെന്നാണ് ഡ്യൂട്ടി ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മർദനമേറ്റ ഗവാസ്കറെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് വാഹനം എടുത്തതെന്ന് ജയ്സൺ അന്വേഷണ സംഘത്തിന് മൊഴി നൽകിയതോടെ ഈ നീക്കം പൊളിഞ്ഞു.
ഗവാസ്കർക്കെതിരായ പരാതിയിൽ എ.ഡി.ജി.പി സുേദഷ് കുമാറിന്റെ മകൾ വീണ്ടും മൊഴി തിരുത്തിയതിന്റെ തെളിവുകളും ഇന്നലെ പുറത്തു വന്നിരുന്നു. പോലീസ് ജീപ്പ് കാലിൽ കയറിയാണ് പരുക്കേറ്റതെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ മൊഴിയെടുപ്പിൽ മകൾ ആവർത്തിച്ചു പറഞ്ഞത്. പൊരുത്തക്കേടുകൾ വ്യക്തമായെങ്കിലും കൂടുതൽ തെളിവു ശേഖരിച്ച ശേഷം മാത്രം എ.ഡി.ജി.പിയുടെ മകളുടെ അറസ്റ്റ് മതിയെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം.




