ശ്രീരാമൻ രാമരാജ്യത്തിനായി രാഷ്ട്രീയത്തെ ഉപയോഗിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി
ലഖ്നൗ : രാമരാജ്യത്തിനായി ശ്രീരാമൻ രാഷ്ട്രീയത്തെ ഉപയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ശ്രീകൃഷ്ണനും മതത്തിനായി രാഷ്ട്രീയം ഉപയോഗിച്ചിട്ടുണ്ട്. ലഖ്‌നൗവിൽ എ.ബി.വി.പിയുടെ പരിപാടിയിൽ പങ്കെടുക്കവെ ആയിരുന്നു രാജ്‌നാഥ് സിംഗിന്റെ പരാമർശം.
പുരാതന കാലം മുതൽ തന്നെ ഇന്ത്യയിൽ ലക്ഷ്യം നിറവേറ്റാനായി രാഷ്ട്രീയത്തെ ഉപയോഗിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. മതത്തിനായി രാമനും കൃഷ്ണനും രാഷ്ട്രീയത്തെ ഉപയോഗിച്ചിട്ടുണ്ട്. കടുത്ത ഭക്തിയോടെയാണ് ശ്രീരാമൻ രാമരാജ്യത്തിനായി പ്രവർത്തിച്ചത്. മതത്തിനായി യുക്തിയും തന്ത്രവും ആയിരുന്നു കൃഷ്ണന്റെ കൈമുതൽ.
മഹാത്മാ ഗാന്ധിയും സുഭാഷ്ചന്ദ്രബോസും രാഷ്ട്രീയം അധികാരത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് ഉപയോഗിച്ചത്. കൈകാര്യം ചെയ്യുന്നവരുടെ ഉദ്ദേശശുദ്ധിപോലെയാണ് രാഷ്ട്രീയം. അഴിമതിക്കാരുടെ കയ്യിലാകുന്പോൾ അത് പണമാകും. അരാജകത്വ വാദികളുടെ കയ്യിലാകുന്പോൾ ദുരന്തമാകുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. ഭാവി ഇന്ത്യയെ പടുത്തുയർത്താൻ യുവാക്കളുടെ പങ്ക് എന്ന പേരിൽ എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

