ആരും ജയിച്ചില്ല, തോറ്റുമില്ല : യെച്ചൂരി
ഹൈദരാബാദ് : രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതി ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ വിജയമോ പരാജയമോ അല്ലെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിയിൽ എല്ലാവരും ഒരുമിച്ചാണ് നീങ്ങുന്നത്, അതാണ് പാർട്ടിയുടെ ശക്തിയെന്നും യെച്ചൂരി പറഞ്ഞു.
കോൺഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന ഔദ്യോഗിക കരടു പ്രമേയത്തിലെ നയത്തിൽ ഇന്നലെ മാറ്റം വരുത്തിയിരുന്നു. പ്രതിനിധികളിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ചായിരുന്നു ഇത്. കോൺഗ്രസുമായി ധാരണ പാടില്ലെന്ന വാക്യം കരടു രാഷ്ട്രീയ പ്രമേയത്തിൽ നിന്ന് മാറ്റണമെന്ന ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയുടെ വാദം പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷ വിഭാഗം അംഗീകരിക്കുകയായിരുന്നു. അത് അനുസരിച്ചുള്ള ഭേദഗതി നിർദേശം പോളിറ്റ് ബ്യൂറോ കോൺഗ്രസിൽ അവതരിപ്പിച്ചു. അത് അംഗീകരിക്കപ്പെടുകയായിരുന്നു.
അതേസമയം സി.പി.എം രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതിയെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. ഭേദഗതി യാഥാർത്‍ഥ്യ ബോധത്തോടെയുള്ളതാണെന്നും വർത്തമാന കാല രാഷ്ട്രീയത്തിൽ സംഘ്പരിവാർ മുഖ്യ ശത്രു എന്നതാണ് എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളും ഉൾകൊള്ളുന്നതെന്നും കാനം കൊച്ചിയിൽ പറഞ്ഞു.
സി.പി.എമ്മിന്റെ പുതിയ കേന്ദ്രകമ്മറ്റിയെ നാളെ തിരഞ്ഞെടുക്കും. ജനറൽ സെക്രട്ടറിയായി സീതാറം യെച്ചൂരി തുടരുമെന്നാണ് സൂചന. കേരളത്തിൽ നിന്ന് ചുരുങ്ങിയത് രണ്ട് പേരെങ്കിലും പുതുതായി കേന്ദ്ര കമ്മറ്റിയിൽ ഇടം പിടിച്ചേക്കും. എസ്. രാമചന്ദ്രൻ പിള്ള, എ.കെ പത്മനാഭൻ എന്നിവർ പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നാണ് സൂചന. പ്രായപരിധിയാണ് എസ്.ആർ.പിക്ക് മുന്നിലുള്ള തടസ്സം. രാമചന്ദ്രൻ പിള്ളയെ കേന്ദ്രകമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവായി നിലനിർത്തിയേക്കും. മഹാരാഷ്ട്ര ലോങ്ങ് മാർച്ചിന് നേതൃത്വം നൽകിയ അശോക് ധാവ് ലെ, തപൻസെൻ, മുഹമ്മദ് തരിഗാമി, സി.ഐ.ടി.യു അഖിലേന്ത്യ പ്രസിഡണ്ട് ഡോ.ഹേമലത എന്നിവരെയാണ് പുതുതായി പി.ബിയിലേക്ക് പരിഗണിക്കുന്നത്.
രാമചന്ദ്രൻ പിള്ളക്ക് പകരം കേരളത്തിൽ നിന്നുള്ള മറ്റൊരു പ്രതിനിധി പി.ബിയിൽ വേണമെന്ന് സംസ്ഥാന ഘടകം ആവശ്യപ്പെട്ടാൽ പി. കരുണാകരൻ, എസ് വിജയരാഘവൻ എന്നിവരിലൊരാൾക്ക് നറുക്ക് വീഴാനും സാധ്യതയുണ്ട്.
