ബി.ജെ.പിയെ തോൽപ്പിക്കാൻ മതേതര ശക്തികൾ ഒന്നിക്കണമെന്ന് യെച്ചൂരി
ഹൈദരാബാദ് : ഹൈദരാബാദിൽ സി.പി.എം 22−ാം പാർട്ടി കോൺഗ്രസിന് തുടക്കമായി. സ്വാതന്ത്ര്യസമര സേനാനിയും തെലങ്കാന സായുധ സമരനായികയുമായ മല്ലു സ്വരാജ്യം പതാക ഉയർത്തിയതോടെയാണ് പാർട്ടി കോൺഗ്രസിന് തുടക്കമായത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യുന്നത്. ബി.ജെ.പിയെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ മതേതര ശക്തികൾ ഒന്നിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ യെച്ചൂരി പറഞ്ഞു.
രാജ്യത്ത് ഇടതുപാർട്ടികൾ കരുത്താർജ്ജിക്കേണ്ട സമയമായിരിക്കുന്നു. മോദി സർക്കാരിന് നയപരമായ ബദലാകാൻ സി.പി.എമ്മിന് കഴിയണം. ഇതിനുള്ള വഴി 22ാം പാർട്ടി കോൺഗ്രസിലുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു. ബി.ജെ.പി മാനഭംഗങ്ങളെ പോലും വർഗ്ഗീകരിക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് എൻ.ഡി.എ സർക്കാരിന്‍റെ പ്രവർത്തനം. ആര് എന്ത് കഴിക്കണം എന്നത് പോലും ആർ.എസ്.എസും സംഘപരിവാർ സംഘടനകളുമാണ് തീരുമാനിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആജ്ഞാനുവർത്തികളായി സർക്കാർ മാറുകയാണ്. ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയം തള്ളുകയും യു.എസ്−ഇസ്രായേൽ−ഇന്ത്യ അവിശുദ്ധ ബന്ധം ആഗോള ഇടപെടുലുകളിൽ പുലർത്തുന്ന അവസ്ഥയുമാണ് ഇന്ന് കാണാൻ സാധിക്കുന്നത്. കർഷകർക്ക് മിനിമം താങ്ങുവില വാഗ്ദാനം ചെയ്യുകയും പിന്നീട് പറഞ്ഞതെല്ലാം വിഴുങ്ങുകയുമാണ് കേന്ദ്ര സർക്കാർ. കേരളത്തിൽ എൽ.ഡി.എഫ് പ്രവർത്തകരെ ആർ.എസ്.എസ്−ബി.ജെ.പി സംഘം ആക്രമിക്കുകയാണ്. എന്നാൽ അക്രമകാരികളാണ് സി.പി.എം എന്ന തെറ്റായ സന്ദേശം രാജ്യമാകെ പ്രചരിപ്പിക്കുന്നുവെന്നും ഇതിനെ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം യെച്ചൂരിയുടെ പ്രസംഗത്തിൽ കോൺഗ്രസിന് വിമർശനമില്ല.

