ഗീവർഗീസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത കാലം ചെയ്തു
തിരുവല്ല : മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് (74) കാലം ചെയ്തു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പുലർച്ചെ 4:40നാണ് കാലം ചെയ്തത്. റാന്നി−-നിലയ്ക്കൽ ഭദ്രാസനാധ്യക്ഷനായ ഗീവർഗീസ് മാർ അത്തനാസിയോസ് മികച്ച വാഗ്്മി കൂടിയാണ്.
തിരുവല്ല നെടുന്പ്രം മുളമൂട്ടിൽ ചിറയിൽകണ്ടത്തിൽ പരേതരായ സി.ഐ ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനായി 1944 ഏപ്രിൽ 26നാണ് ഗീവർഗീസ് മാർ അത്തനാസിയോസ് ജനിച്ചത്. സി.ഐ ജോർജ് എന്നായിരുന്നു ആദ്യനാമം. 1969 ജൂൺ 14നാണ് വൈദികനായത്. 1989 ഡിസംബറിൽ ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്ത അദ്ദേഹത്തെ മേൽപ്പട്ട സ്ഥാനത്തേയ്ക്ക് ഉയർത്തി. 2015 ഒക്ടോബറിലാണ് സഫ്രഗൻ മെത്രാപ്പൊലീത്തയായി ഉയർത്തപ്പെട്ടത്.
മുംബൈ, ഡൽഹി, കോട്ടയം, കൊച്ചി ഭദ്രാസനങ്ങളുടെ അദ്ധ്യക്ഷൻ, മാർത്തോമ്മാ വൈദിക സെമിനാരി ഗവേണിംഗ് ബോർഡ് ചെയർമാൻ, സൺഡേ സ്കൂൾ സമാജം പ്രസിഡണ്ട്, നാഷണൽ മിഷനറി സൊസൈറ്റി അദ്ധ്യക്ഷൻ, സുവിശേഷ പ്രസംഗസംഘം അദ്ധ്യക്ഷൻ എന്നീ പദവികളിൽ ഗീവർഗീസ് മാർ അത്തനാസിയോസ് പ്രവർത്തിച്ചട്ടുണ്ട്.

