മത്സ്യബന്ധന ബോട്ടുകൾ വഴി ഭീകരവാദികൾ രാജ്യത്തെത്താൻ സാധ്യത
പനാജി : 2008ൽ മുംൈബ ഭീകരാക്രമണം നടത്തിയതിന് സമാനമായി പാകിസ്ഥാനിലെ ഭീകരർ മീൻപിടിത്ത ബോട്ട് തട്ടിയെടുത്ത് ഗോവ തീരത്ത് എത്തിയേക്കുമെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ജാഗ്രത പ്രഖ്യാപിച്ചു. മത്സ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികൾ എത്താൻ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജൻസികൾ സൂചന നൽകിയിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ജാഗ്രതാ നിർദേശം നൽകിയത്.
തീരത്തു പ്രവർത്തിക്കുന്ന എല്ലാ കാസിനോകൾക്കും ജലവിനോദ കേന്ദ്ര നടത്തിപ്പുകാർക്കും തുറമുഖ വകുപ്പ് മുന്നറിയിപ്പ് നൽകിയതായി ഗോവാ തുറമുഖ വകുപ്പുമന്ത്രി ജയേഷ് സാൽഗാവോൻകാർ മാധ്യമങ്ങളോട് പറഞ്ഞു. പടിഞ്ഞാറൻ തീരത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് തീരരക്ഷാ സേന പങ്കുവച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നറിയിപ്പ് ഗോവയെ മാത്രം ലക്ഷ്യമാക്കിയുള്ളതല്ല. മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണമുണ്ടായേക്കാം. ഞങ്ങൾ ബന്ധപ്പെട്ട വകുപ്പുകളെയും ബോട്ടുകളെയും വിവരം അറിയിച്ചിട്ടുണ്ട്− ജയേഷ് പറഞ്ഞു. മുന്പ് പാകിസ്ഥാൻ പിടിച്ചെടുത്ത ഇന്ത്യയിൽ നിന്നുള്ള ഒരു മത്സ്യബന്ധന ബോട്ട് വിട്ടയച്ചിരുന്നു. തിരികെയെത്തുന്ന ഈ ബോട്ടിൽ ഭീകരവാദികൾ ഉണ്ടായേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.

