ചീഫ് ജസ്റ്റിസിനുള്ള അധികാരം ചോദ്യം ചെയ്ത് ശാന്തി ഭൂഷൺ സുപ്രീംകോടതിയിൽ
ന്യൂഡൽഹി : ചീഫ് ജസ്റ്റിസിന് കേസുകൾ വിഭജിച്ചു നൽകാനുള്ള അധികാരത്തെ ചോദ്യം ചെയ്ത് മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര നിയമ മന്ത്രിയുമായ ശാന്തി ഭൂഷൺ സുപ്രീം കോടതിയെ സമീപിച്ചു.
സുപ്രീം കോടതിയിൽ വിവിധ ബെഞ്ചുകൾക്ക് ചീഫ് ജസ്റ്റിസ് ഏകപക്ഷീയമായി കേസുകൾ വിഭജിച്ചു നൽകുന്ന രീതി മാറ്റണം. പകരം കേസുകൾ വിഭജിച്ചു നൽകാനുള്ള അധികാരം കൊളീജിയത്തിലെ അഞ്ച് ജഡ്ജിമാർ ചേർന്ന സംവിധാനത്തിന് നൽകണം, പൊതുതാൽപര്യ ഹർജിയിൽ ശാന്തിഭൂഷൺ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ച് ഹർജി പരിഗണിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി സെക്രട്ടറി ജനറലിന് അദ്ദേഹം കത്തെഴുതി.
ഏറ്റവും മുതിർന്ന മൂന്ന് ജഡ്ജിമാരുടെ ബെഞ്ചിലേയ്ക്ക് ഹർജി ലിസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസുകൾ വിഭജിച്ചു നൽകുന്ന രീതിക്കെതിരേ ജനുവരി 12−ന് നാല് മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനം നടത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ജഡ്ജിമാർക്ക് കേസുകൾ വിഭജിച്ചു നൽകുന്നതിനുള്ള റോസ്റ്റർ സംവിധാനം ഫെബ്രുവരി അഞ്ചിന് നിലവിൽ വന്നു. ഓരോ ബെഞ്ചും പരിഗണിക്കേണ്ട വിഷയങ്ങളും ഇതു സംബന്ധിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. പൊതുതാൽപര്യ ഹർജികൾക്കുപുറമേ തിരഞ്ഞെടുപ്പ്, ക്രിമിനൽ, സാമൂഹികനീതി, ഭരണഘടനാപദവികൾ തുടങ്ങിയവ സംബന്ധിച്ച കേസുകളും ചീഫ് ജസ്റ്റിസാണ് പരിഗണിക്കുന്നത്.

