കുതിരയെ വാങ്ങി സവാരി നടത്തിയ ദളിത് യുവാവിനെ കൊലപ്പെടുത്തി
ഭവൻനഗർ(ഗുജറാത്ത്): കുതിരപുറത്ത് യാത്രചെയ്യുകയും കുതിരയെ വളർത്തുകയും ചെയ്തതിന് ഗുജറാത്തിൽ ദളിത് യുവാവിനെ ഒരു സംഘം മർദ്ദിച്ചു കൊലപ്പെടുത്തി. ഗുജറാത്തിലെ ഭവൻനഗർ ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൃഷിയിടങ്ങളിലേക്ക് പോകുന്നതിനും വരുന്നതിനുമായി രണ്ട് മാസം മുന്പാണ് പ്രദീപ് എന്ന ഇരുപത്തിയൊന്നുകാരൻ കുതിരയെ വാങ്ങിയത്. എന്നാൽ ദളിതനായ യുവാവ് കുതിരപ്പുറത്ത് യാത്ര ചെയ്യുന്നത് പ്രദേശത്തെ ഉയർന്ന ജാതിയിൽപ്പെട്ട ചിലർ ഭീഷണിപ്പെടുത്തിയതായി പ്രദീപിന്റെ അച്ഛൻ കലുഭായി പോലീസിനോട് പറഞ്ഞു.
ഇന്നലെ രാത്രിയോടെ പ്രദീപിനെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കുറച്ചകലെയായി കുതിരയുടെ മൃതശരീരവും കണ്ടെത്തി. കൃഷിയിടത്തിൽ പോയി മടങ്ങിവരാമെന്ന് പറഞ്ഞാണ് പ്രദീപ് പോയത്. എന്നാൽ മകൻ മടങ്ങിവരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതശരീരം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അയൽഗ്രാമത്തിൽ നിന്നുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കേസിന്റെ തുടരന്വേഷണത്തിനായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. എന്നാൽ കേസിലെ പ്രതികളെ കണ്ടെത്താതെ മൃതദേഹം കൈപ്പറ്റില്ലെന്ന തീരുമാനത്തിലാണ് പ്രദീപിന്റെ കുടുംബം.

