‘മക്കൾ നീതി മയ്യം’ കമൽ ഹാസന്റെ പാർട്ടി
മധുര : തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കം കുറിച്ച് നടൻ കമൽഹാസന്റെ പാർട്ടി പ്രഖ്യാപനം. മക്കൾ നീതി മയ്യം എന്നാണ് പാർട്ടിയുടെ പേര്. വോട്ടിന് വേണ്ടി താൻ നോട്ട് നൽകില്ലെന്ന് കമൽഹാസൻ പറഞ്ഞു. നിറഞ്ഞ ഹർഷാരവത്തോടെയാണ് ജനം കമലിന്റെ വാക്കുകൾ സ്വീകരിച്ചത്. മക്കൾ നീതി മയ്യം എന്ന പാർട്ടി പ്രഖ്യാപന ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ഡൽഹി മുൻ നിയമ മന്ത്രി സോമനാഥ് ഭാരതി, കർഷക നേതാവ് പി.ആർ. പാണ്ധ്യൻ തുടങ്ങിയവർ മുഖ്യാതിഥികളായി എത്തിയിരുന്നു.
അവസാന ശ്വാസം വരെ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും നല്ല വിദ്യാഭ്യാസം എല്ലാവരിലും എത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും മധുര ഒത്തക്കട മൈതാനത്ത് നിറഞ്ഞു കവിഞ്ഞ അനുയായികളോട് കമൽ പറഞ്ഞു. വർഗീയവും മതപരവുമായ താൽപര്യങ്ങൾക്ക് അന്ത്യമുണ്ടാകണം. നമുക്കതിനാകും, അതിന്റെ മാതൃക കാട്ടാനും നമുക്കു സാധിക്കും. അഴിമതി അവസാനിപ്പിക്കാനായാൽ സേവനങ്ങൾ എല്ലാവരിലും യഥാസമയം എത്തിക്കാനാകുമെന്നും കമൽ വ്യക്തമാക്കി. യുവജനങ്ങൾ സ്വന്തം കഴിവുകൾ വർധിപ്പിക്കാൻ ശ്രമിക്കണം. പണ്ടത്തെ കാര്യങ്ങൾക്ക് വിട നൽകണം, ഇത് പുതിയ യുഗമാണ്. പരസ്പര സംഭാഷണത്തിലൂടെ എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാനാകുമെന്ന് കാവേരി നദീജല വിഷയം പരാമർശിച്ച് കമൽ പറഞ്ഞു. നമ്മൾ ഇടതാണോ, വലതാണോ എന്നാണ് ചോദ്യം. അതിനാലാണ് പാർട്ടി പതാകയിൽ മയ്യം (കേന്ദ്രം) എന്ന വാക്ക് വച്ചത്. എന്റെ ശിഷ്ട ജീവിതം നിങ്ങൾക്കായുള്ളതാണ്. തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്ത ഈ പാർട്ടി എന്നോടൊപ്പം അവസാനിക്കില്ലെന്നും മൂന്നോ നാലോ തലമുറ ഇത് നിലനിൽക്കുമെന്നും കരഘോഷങ്ങൾക്കിടെ കമൽ പ്രഖ്യാപിച്ചു.

