വായ്പാ തട്ടിപ്പ് തടയാൻ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ
ന്യൂഡൽഹി : രാജ്യത്തെ ബാങ്കുകളിൽ വ്യാപകമായ വായ്പാ തട്ടിപ്പുകൾ തടയാൻ കർശന നടപടികളുമായി റിസർവ്വ് ബാങ്ക് ഒഫ് ഇന്ത്യ (ആർ.ബി.ഐ) രംഗത്തെത്തി. വായ്പാ തട്ടിപ്പുകൾ തടയാൻ ആറംഗ വിദഗ്ദ്ധ സമിതിയെ നിയമിച്ച ആർ.ബി.ഐ, വായ്പകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിൽ നിലവിലെ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് ആറംഗ വിദഗ്ദ്ധ സമിതിയുടെ ചുമതല. മുൻ ആർ.ബി.ഐ ഡയറക്ടറായിരുന്ന വൈ.എച്ച് മലാഗെയാണ് ഈ സമിതിയുടെ അദ്ധ്യക്ഷൻ.
വായ്പാ തട്ടിപ്പുകളെക്കുറിച്ച് ബാങ്കുകൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ആർ.ബി.ഐ വ്യക്തമാക്കി. 2016ന് ശേഷം മാത്രം മൂന്ന് തവണയാണ് ബാങ്കുകൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ ബാങ്കുകളിൽ നടത്തിയ 8670 വായ്പാ തട്ടിപ്പുകളിൽ ആകെ നഷ്ടമായത് 61,260 കോടി രൂപയാണ്. ഇതിൽ കഴിഞ്ഞ വർഷം മാത്രം ബാങ്കുകൾക്ക് നഷ്ടമായത് 17,630 കോടി രൂപയാണെന്നും ആർ.ബി.
ഐ വ്യക്തമാക്കിയിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുൻ ഡെപ്യൂട്ടി മാനേജർ ഗോകുൽ നാഥ് ഷെട്ടി, മുൻ സിംഗിൾ വിൻഡോ ഓപ്പറേറ്റർ മനോജ് ഖരാട്ട്, നീരവ് മോദി ഗ്രൂപ്പിന്റെ പ്രതിനിധി ഹേമന്ത് ഭട്ട് എന്നിവരെ മാർച്ച് മൂന്ന് വരെ സി.ബി.ഐ കോടതി കസ്റ്റഡിയിൽ വിട്ടു. നീരവ് മോദിയുടെയും ഗീതാഞ്ജലി ജെംസ് മാനേജിംഗ് ഡയറക്ടർ മെഹുൽ ചോക്സിയുടെയും രത്ന വ്യാപാര സ്ഥാപനങ്ങൾക്ക് വേണ്ടി ബാങ്കിന്റെ കോർബാങ്കിംഗ് സിസ്റ്റത്തിൽ രേഖപ്പെടുത്താതെ കോടിക്കണക്കിന് രൂപയുടെ സമ്മതപത്രങ്ങൾ നൽകിയത് ഗോകുൽ നാഥ് ഷെട്ടിയും മനോജ് ഖരാട്ടുമാണെന്ന് വ്യക്തമായിട്ടുണ്ട്.

