സൈബർ തട്ടിപ്പുകാർക്ക് അക്കൗണ്ട് നൽകി: മലയാളി നവിമുംബൈയിൽ അറസ്റ്റിൽ
ശാരിക
മുംബൈ: സൈബർ തട്ടിപ്പുകാർക്ക് പണമിടപാടുകൾക്കായി സ്വന്തം ബാങ്ക് അക്കൗണ്ട് വിട്ടുനൽകിയ മലയാളി നവിമുംബൈ പൊലീസിന്റെ പിടിയിലായി. കണ്ണൂർ സ്വദേശിയും കെട്ടിട നിർമാണ കരാറുകാരനുമായ ടി.പി. ഷമീറാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നാം തീയതി കണ്ണൂരിൽവെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ബിസിനസ് പങ്കാളിയുടെ ചതിമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഷമീർ, മറ്റൊരാളുടെ നിർദേശപ്രകാരമാണ് തന്റെ ബാങ്ക് അക്കൗണ്ട് സൈബർ സംഘത്തിന് കൈമാറിയതെന്ന് പൊലീസ് വ്യക്തമാക്കി. സൈബർ തട്ടിപ്പിന് ഇരയായ വ്യക്തി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് അക്കൗണ്ട് ഉടമയായ ഷമീറിലേക്ക് എത്തിച്ചത്.
പ്രതിയുടെ അക്കൗണ്ട് വഴി മറ്റ് ആറോളം സാമ്പത്തിക തട്ടിപ്പുകളും നടന്നിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. തട്ടിപ്പിനായാണ് അക്കൗണ്ട് ഉപയോഗിക്കുന്നതെന്ന് അറിഞ്ഞുകൊണ്ട് തന്നെ അത് വിട്ടുനൽകിയതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
ു്ിേു

