സുപ്രീം കോടതിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്; ഇൻഡ്യ മുന്നണിയുടെ മാർച്ചിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്
ശാരിക
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് ഇൻഡ്യ മുന്നണി നടത്താൻ തീരുമാനിച്ച മാർച്ചിന് മുന്നോടിയായി, സുപ്രീം കോടതിയെ രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അഭ്യർത്ഥിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണി സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച അദ്ദേഹത്തിന്റെ പ്രതികരണം. സുപ്രീം കോടതി ഒരു രാഷ്ട്രീയ പാർട്ടിയോടും ആഭിമുഖ്യം പുലർത്തുന്നില്ലെന്നും സ്വന്തം ഭരണഘടനാപരമായ ചുമതലകളാണ് നിർവഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 33-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യപരമായ പ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ അനുവദിക്കണമെങ്കിലും, അവ സുപ്രീം കോടതിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താനോ അഭിഭാഷകർ, കോടതി ജീവനക്കാർ, ഹർജിക്കാർ എന്നിവരുടെ യാത്ര തടസ്സപ്പെടുത്താനോ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു. കോടതിയുടെ പ്രവർത്തനം ബാധിക്കപ്പെടാത്ത രീതിയിൽ കാര്യങ്ങൾ ഉറപ്പാക്കാൻ താൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കേസ് തൊട്ടടുത്ത ദിവസം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണക്കാരനായ പൗരനോ ജനപ്രതിനിധിയോ ആകട്ടെ, ഏവർക്കും നീതിക്കായി സുപ്രീം കോടതിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാക്കൾ കൂടിക്കാഴ്ച ആവശ്യപ്പെട്ട് അയച്ച കത്തിന് ഞായറാഴ്ച രാത്രി തന്നെ മറുപടി നൽകിയതായും അദ്ദേഹം സ്ഥിരീകരിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗെയുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം നടത്തുന്ന തുടർച്ചയായ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് "ചലോ ഡൽഹി - ജനാധിപത്യത്തിനായുള്ള മാർച്ച്" സംഘടിപ്പിച്ചത്. 'വോട്ട് ചോരി' (വോട്ട് മോഷണം) വിഷയം ഉന്നയിക്കാനും, തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ അവസാനിപ്പിക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നിർത്തിവെക്കുക, പേപ്പർ ബാലറ്റ് രീതിയിലേക്ക് മടങ്ങുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിക്കാനുമാണ് രാഹുൽ ഗാന്ധിയും ഖാർഗെയും അനുമതി തേടിയത്. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന പ്രതിപക്ഷ പാർട്ടികളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും യുവാക്കളും മറ്റ് ജനങ്ങളും ഈ മാർച്ചിൽ പങ്കെടുക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.
േ്ി്േി

