മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യത്തിന്റെ ‘ഡൽഹി ചലോ’ മാർച്ച് തുടങ്ങി; നഗരത്തിൽ കടുത്ത ഗതാഗത നിയന്ത്രണം
ശാരിക
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം സംഘടിപ്പിക്കുന്ന 'ഡൽഹി ചലോ' മാർച്ച് ആരംഭിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കൊണാട്ട് പ്ലേസിൽ നിന്ന് സുപ്രീം കോടതിയിലേക്കാണ് മാർച്ച് പുരോഗമിക്കുന്നത്. സംയുക്ത നിവേദനം സമർപ്പിക്കുന്നതിനായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നെങ്കിലും വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ ഹർജി സമർപ്പിക്കാനായിരുന്നു ലഭിച്ച നിർദേശം.
മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചതായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. സുപ്രീം കോടതി പരിസരത്തും ജന്തർ മന്തറിലേക്കുള്ള വഴികളിലുമായി മുപ്പത്തയ്യായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ 37 പ്രധാന കേന്ദ്രങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പ്രതിഷേധ മാർച്ചിന്റെ പേരിൽ നഗരത്തിലുടനീളം വൻ സുരക്ഷയൊരുക്കിയ കേന്ദ്ര സർക്കാർ നടപടിയെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. മോദിക്കും അമിത് ഷായ്ക്കും ഗ്യാനേഷ് കുമാറിനുമെതിരായ പൊതുജനവികാരമാണ് തെരുവിൽ ഉയരുന്നതെന്നും, എന്തിനാണ് ഡൽഹിയെ കോട്ടപോലെയാക്കി ജനങ്ങളെ തടയുന്നതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. നഗരത്തിലുടനീളം വിന്യസിച്ചിട്ടുള്ള ജലപീരങ്കികളും കലാപവിരുദ്ധ വാഹനങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്.
dfsdfs

