വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി
ന്യൂഡൽഹി : സെക്കൻഡുകളുടെ വ്യത്യാസത്തിൽ വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. മുംെെബയിൽ നിന്ന് ഭോപ്പാലിലേക്ക് പോയ എയർഇന്ത്യയുടെ എ.ഐ 631 വിമാനവും ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പറക്കുകയായിരുന്ന വിസ്താരയുടെ എ − 320 നിയോ വിമാനവുമാണ് മുഖമുഖമുള്ള കൂട്ടിയിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് വിസ്താരയുടെ രണ്ട് പൈലറ്റുമാരെ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ ജോലിയിൽ നിന്ന് മാറ്റി.
ഏഴാം തീയതി രാത്രി എട്ട് മണിയോടെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. എയർ ഇന്ത്യ വിമാനം 27,0000 അടി ഉയരത്തിലും വിസ്താരയുടെ വിമാനം 29,000 അടി ഉയരത്തിലുമാണ് പറന്നുകൊണ്ടിരുന്നത്. എന്നാൽ, പൊടുന്നനെ വിസ്താര വിമാനം 27,100 അടി ഉയരത്തിലേക്ക് മാറുകയായിരുന്നു. 29,000 അടിയിൽ പറക്കാനായിരുന്നു ഇവർക്കു നൽകിയിരുന്ന നിർദേശം. ഇതോടെ രണ്ട് വിമാനങ്ങളും തമ്മിൽ കേവലം 100 അടിയുടെ വ്യത്യാസം മാത്രമേ 2.8 കിലോമീറ്റർ ദൂരത്തിനിടെ ഉണ്ടായിരുന്നുള്ളൂ. വിമാനങ്ങൾ മുഖാമുഖം വന്നതോടെ എയർ ട്രാഫിക് കൺട്രോൾ ഇരു പൈലറ്റുമാർക്കും അടിയന്തര സന്ദേശം നൽകുകയായിരുന്നു. തുടർന്ന് പൈലറ്റുമാർ ഉയരം ക്രമീകരിച്ച അപകടം ഒഴിവാക്കുകയായിരുന്നു. സെക്കൻഡുകൾ വൈകിയിരുന്നെങ്കിൽ ഇന്ത്യ മറ്റൊരു ആകാശദുരന്തത്തിന് സാക്ഷിയായേെന. 152 യാത്രക്കാരാണ് വിസ്താരയിൽ ഉണ്ടായിരുന്നത്.
രണ്ടാഴചയ്ക്കിടെ മഹാരാഷ്ട്രയിൽ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. ജനുവരി 28ന് ഇൻഡിഗോ വിമാനവും എമിറേറ്റ്സ് വിമാനവും നിയമപരമായ ദൂരപരിധി പാലിക്കാതെ മുഖാമുഖം വന്നിരുന്നു.
1996 നവംബർ 12ന് ആയിരുന്നു ഇന്ത്യയേയും ലോകത്തേയും ഞെട്ടിച്ച ആകാശ ദുരന്തം നടന്നത്. സൗദി എയർലൈൻസിന്റെ ബോയിംഗ് 747− 100 ബി വിമാനവും കസാഖിസ്ഥാന്റെ ഇല്യൂഷിൻ ഐ.എൽ76 ഉം തമ്മിലായിരുന്നു കൂട്ടിയിടി. രണ്ടു വിമാനങ്ങളിലെയും 351 യാത്രക്കാർ മരിച്ചു. ലോകത്തിലെ മൂന്നാമത്തെ വലിയ ആകാശ ദുരന്തമായിരുന്നു ഇത്.

