ജമ്മു കശ്മീർ നിയമസഭയിൽ പാക് അനുകൂല മുദ്രാവാക്യം
ശ്രീനഗർ : നാഷണൽ കോൺഫറൻസ് എം.എൽ.എയായ അക്ബർ ലോൺ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ജമ്മു കശ്മീർ നിയമസഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. സഭയിൽ ബി.ജെ.പി അംഗങ്ങൾ പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയത് തന്നെ പ്രകോപിപ്പിച്ചെന്നും തുടർന്നാണ് ഇത്തരത്തിൽ പെരുമാറിയതെന്നുമാണ് അക്ബർ ലോണിന്റെ വിശദീകരണം. എന്നാൽ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ഇക്കാര്യത്തിൽ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായതായി തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരിലെ സുൻജ്വാനിൽ സൈനിക ക്യാന്പിനു നേരെ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിൽ രണ്ട് സൈനികർ മരിച്ചതിനെ തുടർന്ന് ബി.ജെ.പി അംഗങ്ങൾ ഇന്ന് സഭയിൽ പ്രതിഷേധവുമായി എത്തിയിരുന്നു. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ബംഗ്ലാദേശി, റോഹിൻഗ്യൻ അഭയാർത്ഥികളാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്ന് കരുതുന്നതായും ബി.ജെ.പി വക്താവ് കവീന്ദർ ഗുപ്ത ആരോപിച്ചു. ഇതിനിടെയാണ് അക്ബർ പാകിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചത്. ഇതിനെതിരെ ബി.ജെ.പി അംഗങ്ങൾ രംഗത്ത് വന്നതോട് കൂടി സഭ ബഹളത്തിൽ മുങ്ങി.
അതേസമയം, അക്ബർ ലോണിന്റെ മുദ്രാവാക്യം വിളിയിൽ എതിർപ്പുമായി നാഷണൽ കോൺഫറൻസ് നേതാക്കൾ തന്നെ രംഗത്തെത്തി. അക്ബർ ലോൺ നിയമസഭയിൽ ഉയർത്തിയ മുദ്രാവാക്യം അംഗീകരിക്കാൻ ആവില്ലെന്നും ഇക്കാര്യത്തിൽ പാർട്ടി ഖേദം പ്രകടിപ്പിക്കുന്നതായും നാഷണൽ കോൺഫറൻസ് പ്രസിഡണ്ട് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഇത്തരം അനുചിതമായ മുദ്രാവാക്യങ്ങളിൽ തട്ടി ഭീകരാക്രമണത്തിൻ മേലുള്ള ചർച്ചകൾ അവസാനിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

