മൂന്നിന പദ്ധതിയുമായി നരേന്ദ്ര മോദി
സോനാമുറ(ത്രിപുര): ത്രിപുരയിലെ ജനങ്ങൾക്കായി മൂന്നിന പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണം. വ്യവസായം, ടൂറിസം, യുവാക്കളുടെ പരിശീലനം എന്നിങ്ങനെ മൂന്നിന കർമപദ്ധതികൾ ത്രിപുരയ്ക്കായി കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്ന് മോദി വെളിപ്പെടുത്തി. മണിക് സർക്കാരിന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരിൽ നിന്ന് ത്രിപുരയിലെ ജനങ്ങളെ മോചിപ്പിക്കണമെന്നും സോനാമുറയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവെ മോദി പറഞ്ഞു.നമുക്ക് ത്രിപുരയിൽ മാറ്റം കൊണ്ടുവരാം. ത്രിപുരയിലെ ജനങ്ങൾ എത്രയോ കാലമായി തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ട് കഴിയുകയാണ്. സർക്കാരിനെതിരെ സംസാരിക്കുന്നവർ ഭയപ്പെടേണ്ട സ്ഥിതിവിശേഷമാണുള്ളത്. ത്രിപുരയിൽ തൊഴിലാളികൾക്ക് കുറഞ്ഞ ശന്പളം പോലും ലഭിക്കുന്നില്ല. 25 വർഷമായി കമ്മ്യൂണിസ്റ്റ് സർക്കാർ ത്രിപുര ഭരിക്കുകയാണ്. എന്നാൽ, ജനങ്ങളുടെ അവകാശങ്ങൾ ഉപയോഗിക്കാൻ അവരെ സി.പി.എം അനുവദിക്കുന്നില്ലെന്നും മോദി പറഞ്ഞു.
സംസ്ഥാനെത്ത യുവാക്കൾ തൊഴിൽ തേടി അലയുകയാണ്. സർക്കാർ ജീവനക്കാർ ഏഴാം ശന്പള കമ്മിഷൻ ശുപാർശകൾ നടപ്പാക്കാനായി കാത്തിരിക്കുന്നു. എന്നാൽ, ഇടത് സർക്കാർ അതെല്ലാം നിഷേധിക്കുകയാണ്. ത്രിപുര വികസനപാതയിൽ എത്തണമെങ്കിൽ ബി.ജെ.പി അധികാരത്തിൽ വരണമെന്നും മോദി പറഞ്ഞു.
മണിക് എന്നാൽ വിലപിടിപ്പുള്ള രത്നക്കല്ലാണ്. ഈ വിലപിടിപ്പുള്ള കല്ലിൽ നിന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് മോചനം വേണം. ത്രിപുരയ്ക്ക് വേണ്ടത് ഹൈവേ, റോഡ് വേ, എയർവേ എന്നിവയാണെന്നും മോദി ചൂണ്ടിക്കാട്ടി.
