അതിർത്തിയിൽ വൻ സംഘം നുഴഞ്ഞ് കയറാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്
ശ്രീനഗർ : നിയന്ത്രണരേഖയിലുടനീളം വെടിനിർത്തൽ കരാർ ലംഘിച്ച് പാക് ആക്രമണം തുടരുന്നതിനിടെ അതിർത്തിയിൽ നുഴഞ്ഞു കയറ്റ ഭീഷണിയും. കശ്മീരിലേക്ക് നുയഞ്ഞു കയറാൻ ലഷ്കറെ ത്വയ്ബ വൻ സംഘത്തെ നിയോഗിച്ചതായി രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര−സംസ്ഥാന സർക്കാരുകൾക്ക് വിവരം നൽകി.
പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി സെക്ടറിൽ നാംഗിതെക്രി മേഖലയെ കുറിച്ച് രഹസ്യന്വേഷണ വിവരത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. പാകിസ്ഥാൻ അടുത്തിടെ രൂക്ഷമായ ഷെല്ലാക്രമണം നടത്തിയ പ്രേദശങ്ങളിലൊന്നാണിത്. കശ്മീർ ഇന്റലിജൻസ് ഏജൻസികൾ കഴിഞ്ഞ ആഴ്ചയാണ് അധികൃതർക്ക് റിപ്പോർട്ട് നൽകിയത്. മുൻ കരുതൽ എടുക്കാൻ സൈനിക പോസ്റ്റുകളോട് ആവശ്യപ്പെടാൻ അധികൃതർക്ക് നിർദേശവും നൽകിയിട്ടുണ്ട്. 45 അംഗ സംഘത്തെ കശ്മീരിലേക്ക് കടത്തി കശ്മീർ താഴ് വരയിൽ ആക്രമണം നടത്താനാണ് പദ്ധതി. പാക് അതിർത്തി സൈന്യം ഇവർക്ക് സഹായമൊരുക്കുമെന്നും റിപ്പോർട്ടിലുണ്ട്. നുഴഞ്ഞു കയറ്റത്തിന് പാകിസ്ഥാന്റെ പിന്തുണയുണ്ടെന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ നേരത്തെ ആരോപിച്ചിരുന്നു. രഹസ്യാന്വേഷണ രേഖകളിൽ സൂചിപ്പിക്കുന്ന പ്രദേശങ്ങൾ ഇന്ത്യൻ ഇൻഫൻട്രിബ്രിഗേഡിന്റെ അധീനതയിലാണെന്നും ബി.എസ്.എഫും ഇവരും ചേർന്നാണ് ഇവിടെ സുരക്ഷയൊരുക്കകയെന്നും കശ്മീർ പോലീസ് അറിയിച്ചു.
