ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ലഷ്കർ ഭീകരൻ ഡൽഹിയിൽ പിടിയിൽ
ശാരിക l ദേശീയം
ന്യൂഡൽഹി: ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോൺ ഡൽഹി അതിർത്തിയിൽ പിടിയിലായി. ജമ്മു കാശ്മീരിലെ കംഗൻ ശ്രീനഗർ സ്വദേശിയായ ഇയാളെ ഡൽഹി പോലീസിന്‍റെ സ്‌പെഷ്യൽ സെല്ലും കേന്ദ്ര ഏജൻസികളും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നേരിട്ടുള്ള നിർദേശപ്രകാരം ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു ഷബീറിന്റെ ലക്ഷ്യം. പാകിസ്ഥാന്‍റെ പങ്ക് മറച്ചുവയ്ക്കാൻ ബംഗ്ലാദേശി പൗരന്മാരെയും ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവരെയും ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താനായിരുന്നു പദ്ധതി.
മുസാഫറാബാദിലെ ക്യാമ്പുകളിൽ നിന്ന് ഉന്നത പരിശീലനം ലഭിച്ച ഷബീറിന് ലഷ്‌കർ തലവൻമാരായ ഹാഫിസ് സയീദ്, സാക്കി ഉർറഹ്മാൻ ലഖ്വി എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. 2007ൽ ആയുധങ്ങളുമായി ഡൽഹിയിൽ നിന്ന് ആദ്യമായി പിടിയിലായ ഇയാൾ 2018 വരെ തിഹാർ ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങി ബംഗ്ലാദേശിലേക്ക് കടന്ന ഇയാൾ അവിടെ ലഷ്കർ ശൃംഖല പുനർനിർമ്മിക്കുകയും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ തുടരുകയും ചെയ്തു.
ഡൽഹിയിലും ദക്ഷിണേന്ത്യയിലും കഴിഞ്ഞ ദിവസങ്ങളിൽ ലഷ്കർ മോഡ്യൂളുകൾ തകർത്തതിന് പിന്നാലെയാണ് നിർണ്ണായകമായ ഈ അറസ്റ്റ് നടന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ റിക്രൂട്ട്‌മെന്റ് ചാനലുകൾ, ഫണ്ടിംഗ് ഉറവിടങ്ങൾ, മറ്റ് ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
േ്്േി



