ഇരുന്നുനടത്തത്തിന് ശിക്ഷിച്ച പത്താം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
ചെന്നൈ: സ്കൂളിലെത്താൻ താമസിച്ചതിനാൽ ഇരുന്നുനടത്തത്തിന് ശിക്ഷിക്കപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. സംഭവത്തിൽ പെരന്പൂരിലെ സ്വകാര്യ സ്കൂളിന്റെ പ്രിൻസിപ്പലും കായികാധ്യാപകനും അറസ്റ്റിലായി. ചെന്നൈ പെരന്പൂരിലുള്ള മുരളിയുടെ മകൻ നരേന്ദ്രനാണ് മരിച്ചത്. നരേന്ദ്രനടക്കം ആറുവിദ്യാർഥികളെയാണ് സ്കൂളിനുചുറ്റും ഇരുന്നു നടക്കാൻ ശിക്ഷിച്ചത്.
കാൽമുട്ട് മടക്കി നടക്കുന്നതിനിടെ കുഴഞ്ഞുവീണ നരേന്ദ്രൻ മരിക്കുകയായിരുന്നു. അച്ഛനമ്മമാർ നൽകിയ പരാതിയെത്തുടർന്നാണ് സ്കൂൾ പ്രിൻസിപ്പൽ അരുൾസ്വാമി, കായികാധ്യാപകൻ ജയസിംഗ് എന്നിവരെ തിരുവികനഗർ പോലീസ് അറസ്റ്റുചെയ്തത്. വൈകിയെത്തിയവരെ സ്കൂളിനുചുറ്റും മൂന്നുതവണ ഇരുന്ന് നടത്തത്തിനാണ് ശിക്ഷിച്ചത്. ഇതിന് ശ്രമിക്കുന്നതിനിടെ മൂന്നുവിദ്യാർഥികൾ കുഴഞ്ഞു വീണു. എഴുന്നേൽക്കാൻ പോലും പറ്റാതായ നരേന്ദ്രനെ ഉടൻ തന്നെ സ്റ്റാൻലി മെഡിക്കൽ കോേളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്കൂൾ അസംബ്ലിയിൽ നിൽക്കുമന്പോൾ കുഴഞ്ഞുവീണെന്നാണ് അധികൃതർ അറിയിച്ചതെന്ന് നരേന്ദ്രന്റെ അച്ഛനമ്മമാർ പറഞ്ഞു. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചതിനുശേഷമാണ് തങ്ങളെ വിവരമറിയിച്ചതെന്നും ഇവർ ആരോപിച്ചു. ബന്ധുക്കളും നാട്ടുകാരും സ്കൂൾ ഉപരോധിച്ച് സമരം നടത്തി. പ്രതിഷേധം ശക്തമായതോടെ കേസെടുത്ത പോലീസ് പ്രിളൻസിപ്പലിനെയും കായികാധ്യാപകനെയും അറസ്റ്റുചെയ്യുകയായിരുന്നു. തോളിൽ കല്ല് കെട്ടിത്തൂക്കിയതിനുശേഷമാണ് ഇരുന്ന് നടത്തിച്ചതെന്ന് സഹപാഠികൾ മൊഴിനൽകി.

