ഹരിയാനയിലെ ജയിലുകളിലിൽ ഇനി പശു തെറാപ്പിയും
ന്യൂഡൽഹി : തടവുകാരെ നല്ല മാർഗത്തിലെത്തിക്കാൻ ഹരിയാനയിലെ ജയിലുകളിൽ ഇനി പശു തെറാപ്പിയും. ജയിൽ വളപ്പിൽ പശുക്കളെ വളർത്തുന്നതിലൂടെ ജയിലിലെ അന്തേവാസികളുടെ ഉള്ളിലെ ദുഷ്ചിന്തകളെല്ലാം അകലുമെന്നാണ് ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ. സംസ്ഥാനത്തെ ആറ് ജയിലുകളിലാണ് പശു തെറാപ്പി ആദ്യഘട്ടത്തിൽ നടപ്പാക്കുക. 600 പശുക്കളെ വാങ്ങാനും ജയിൽ വളപ്പിൽ കാലിത്തൊഴുത്തുകൾ നിർമ്മിക്കാനും സർക്കാർ ഒന്നരക്കോടി രൂപ വകയിരുത്തിക്കഴിഞ്ഞു.
സർക്കാർ പിന്തുണ നൽകുന്ന സംഘടനയായ ഗോ സേവാ ആയോഗിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.ഹിന്ദുമതത്തിന്റെ ഭാഗമാണ് പശുക്കൾ. അവയെ സംരക്ഷിക്കുന്നവർക്കായി സവിശേഷ ശക്തികൾ നൽകാൻ കഴിവുള്ളവയാണ് പശുക്കൾ ഗോ സേവാ ആയോഗ് ചെയർമാൻ ഭാനി രാം മംഗ്ൾ പറയുന്നു.
പശുക്കൾ നൽകുന്ന ശുദ്ധമായ പാലിന് ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ പാപങ്ങളെ കഴുകിക്കളയാനുള്ള ശക്തിയുണ്ടെന്നും മംഗ്ൾ അവകാശപ്പെടുന്നു. മാത്രമല്ല, ഗോമൂത്രം പ്രമേഹം മുതൽ കാൻസർ വരെയുള്ള രോഗങ്ങൾക്ക് ഒൗഷധമാണെന്ന് വിശ്വാസികൾക്ക് അനുഭവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2014ൽ ബി.ജെ.പി അധികാരത്തിലെത്തിയതു മുതൽ നിരവധി പശുസംരക്ഷണ പദ്ധതികളാണ് നടപ്പാക്കിവരുന്നത്.

