പത്തൊന്പതുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവം : നാല് പേർക്ക് ജീവപര്യന്തം
ഭോപാൽ : ഒക്ടോബർ 31−ന് ഭോപാലിലെ ഹബീബ്ഗഞ്ചിൽ പത്തൊന്പതുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ 52 ദിവസത്തിനുള്ളിൽ കോടതി ശിക്ഷവിധിച്ചു. കുറ്റക്കാരായി കണ്ടെത്തിയ നാല് പേർക്കും ജീവപര്യന്തം തടവാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചത്. എണ്ണായിരം രൂപവീതം പിഴയും വിധിച്ചിട്ടുണ്ട്. ബിഹാരി ചധാർ (25), ഘുണ്ടു (24), രാജേഷ് ഛേത്ര (26), രമേഷ് മെഹ്ര (45) എന്നിവർക്കാണ് ജഡ്ജി സവിതാ ദുബെ ശിക്ഷവിധിച്ചത്. പ്രതികൾ ബാക്കിയുള്ള ജീവിതം ജയിലിൽ ജീവിച്ചുതീർക്കുമെന്ന് വിധിപ്രസ്താവത്തിൽ ജഡ്ജി പറഞ്ഞു.
പോലീസ് ദന്പതിമാരുടെ മകളായ പെൺകുട്ടി സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള കോച്ചിംഗ് ക്ലാസിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു ബലാത്സംഗത്തിനിരയായത്. പോലീസ് േസ്റ്റഷനിലെത്തി പരാതി നൽകിയെങ്കിലും അവർ നടപടിയെടുത്തില്ല. എന്നാൽ പെൺകുട്ടി മാതാപിതാക്കളോടൊപ്പം ചേർന്ന് പ്രതികളിൽ രണ്ട് പേരെ പിടികൂടി പോലീസിലേൽപ്പിച്ചു. പരാതി സ്വീകരിക്കാൻ തയ്യാറാകാതെ പെൺകുട്ടിയെ പരിഹസിച്ച പോലീസുദ്യോഗസ്ഥരെ പിന്നീട് സസ്‌പെൻഡ് ചെയ്തിരുന്നു. കുറ്റപത്രം സമർപ്പിക്കപ്പെട്ട ദിവസം മുതൽ ഓരോ ദിവസവും കോടതി വാദം കേൾക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. സംഭവം നടന്ന് 16 ദിവസത്തിന് ശേഷം 200 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു.

