ആധ്യാത്മികതയുടെ മറവിൽ ഡൽഹിയിലെ ആശ്രമത്തിൽ നടക്കുന്നത് ക്രൂരത
ന്യൂഡൽഹി : ആദ്ധ്യാത്മികതയുടെ മറവിൽ ഡൽഹി രോഹിണി നഗറിലെ ആശ്രമത്തിൽ പീഡനവും മയക്കുമരുന്ന് ഉപയോഗവും നടക്കുന്നതായി റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ സി.ബി.ഐയോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ആശ്രമത്തിൽ നടത്തിയ പരിശോധനയിൽ നൂറിലധികം വരുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ഇരുന്പുവാതിലുകളാൽ അടച്ച മുറിയിൽ താമസിപ്പിച്ചിരിക്കുകയാണെന്നും മൃഗതുല്യമാണ് അവരുടെ സ്ഥിതിയെന്നും കണ്ടെത്തി. വീരേന്ദ്രകുമാർ ദേവ് ദിക്ഷിതിന്റെ അദ്ധ്യാത്മിക വിശ്വവിദ്യാലയത്തിൽ പെൺകുട്ടികളെ 14 വർഷമായി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ആശ്രമത്തിൽ കഴിയുന്ന പെൺകുട്ടികളെ മാനഭംഗപ്പെടുത്താറുണ്ടായിരുന്നുവെന്നും പലരും ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്നും എൻ.ജി.ഒ കോടതിയെ അറിയിച്ചിരുന്നു. ആദ്ധ്യാത്മികതയുടെ മറവിൽ അതിക്രൂരമായ ലൈംഗിക അടിമത്വവും മനുഷ്യധ്വംസനവുമാണ് നടക്കുന്നതെന്നും നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് ആശ്രമത്തിലെ ക്രൂരതയുടെ ഇരകളായിട്ടുള്ളതെന്നും അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചിരുന്നു. എളുപ്പം രക്ഷപ്പെടാൻ കഴിയാത്ത തരത്തിലായിരുന്നു ആശ്രമത്തിലെ സംവിധാനം.
ആൺകുട്ടികൾ ഇവിടെ പീഡനത്തിനിരയായതായും സംശയിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇതേത്തുടർന്ന് കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ബുധനാഴ്ച അർദ്ധരാത്രി ആശ്രമത്തിൽ റെയ്ഡ് നടത്തി. രോഹിണി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രജനീഷ് ഗുപ്ത, ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവൽ, അഭിഭാഷകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആശ്രമത്തിലെത്തിയ തങ്ങളെ അന്തേവാസികൾ ഒരു മണിക്കൂ
റോളം തടഞ്ഞുവച്ചതായും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് അധികവും പാർപ്പിച്ചിരിക്കുന്നതെന്നും ആശ്രമത്തിൽനിന്ന് സഹവാസികളാൽ പീഡിപ്പിക്കപ്പെട്ടുവെന്നു കാട്ടി നൽകിയ പരാതികൾ വെച്ച പെട്ടി കണ്ടെത്തിയതായും പറഞ്ഞ മാലിവൽ ചില ഇഞ്ചക്ഷനുകൾ, മരുന്നുകൾ തുടങ്ങിയവയുടെ വലിയ ശേഖരവും ഇവിടെനിന്നു കണ്ടെത്തിയെന്നും കൂട്ടിച്ചർത്തു.

