ബിറ്റ്കോയിൻ നിക്ഷേപമുള്ളവരുടെ കൂട്ടത്തിൽ അമിതാഭ് ബച്ചനുമുണ്ടെന്ന് റിപ്പോർട്ട്
മുംബൈ : ഡിജിറ്റൽ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ നിക്ഷേപമുള്ളവരുടെ പട്ടികയിൽ സൂപ്പർസ്റ്റാർ അമിതാഭ് ബച്ചനും മകൻ അഭിഷേകും. ഇരുവർക്കുമായി രണ്ടര വർഷം മുന്പ് 1.6 കോടി മൂല്യമുണ്ടായിരുന്ന ബിറ്റ്കോയിനാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് മൂല്യം വർദ്ധിച്ച് ഏകദേശം 112 കോടി ആയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
റിപ്പോർട്ടനുസരിച്ച് 2015−ലാണ് ബച്ചൻ കുടുംബം സിംഗപ്പൂർ കന്പനിയായ മെറിഡിയൻ ടെക്കിൽ ബിറ്റ്കോയിൻ നിക്ഷേപം നടത്തിയിട്ടുള്ളത്. വെങ്കട ശ്രീനിവാസ് മീനവള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഡിജിറ്റൽ ആസ്തികൾ കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വെയർ പ്ലാറ്റ്ഫോമായിട്ടാണ് കന്പനി പ്രവർത്തിക്കുന്നത്. ഈ കന്പനിയെ ലോങ് ഫിൻ കോർപ്പറേഷൻ കഴിഞ്ഞ ആഴ്ച ഏറ്റെടുത്തിരുന്നു. ഇതോടെ ലോങ് ഫിൻ കോർപ്പറേഷന്റെ ഓഹരികൾക്ക് 2500 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റെടുക്കലോടെ ബച്ചൻ കുടുംബത്തിന് ലോങ് ഫിനിൻ 250,000 ഷെയറുകളാണ് ലഭിച്ചത്. തിങ്കളാഴ്ച ലോങ് ഫിനിന്റെ ഒരു ഷെയറിന് സ്റ്റോക് എക്സ്ചേഞ്ചിൽ 70 ഡോളറാണ് മൂല്യമുണ്ടായിരുന്നത്. ഇതോടെ ബച്ചന്റെ 1.6 കോടിയുടെ നിക്ഷേപം രണ്ടര വർഷംകൊണ്ട് കുതിച്ച് 112 കോടിയിലെത്തിയെന്നാണ് റിപ്പോർട്ട്.
ബിറ്റ്കോയിന്റെ മൂല്യത്തിൽ അടുത്തിടെയായി വൻ കുതിച്ചുചാട്ടമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഒരു ബിറ്റ്കോയിൻ ഏതാണ്ട് 65 ലക്ഷം രൂപ ആയാലും അത്ഭുതപ്പെടാനില്ലെന്ന് 2008−ലെ സാന്പത്തിക മാന്ദ്യം പ്രവചിച്ച ഹെഡ്ജ്ഫണ്ട് മാനേജർ നാസിം നിക്കോളാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

