കാശ്മീരിൽ അക്രമങ്ങളിൽ വർദ്ധനവ്
ന്യൂഡൽഹി : ജമ്മുകാശ്മീരിൽ സുരക്ഷാ ഭീഷണി ഉയർത്തുന്ന അക്രമങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട്. ആഭ്യന്തര സഹമന്ത്രി ഹൻസ്്രാജ് ഗംഗാറാം ആഹിർ ആണ് ലോക്്സഭയിൽ ഇക്കാര്യം അറിയിച്ചത്. നോട്ടുനിരോധനത്തിനു ശേഷം രാജ്യത്തെ സുരക്ഷ മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
2016 നവംബർ ഒന്നിനും 2017 ഒക്ടോബർ 31നും ഇടയ്ക്ക് 341 ഭീകരാക്രമണങ്ങളാണ് ജമ്മു കശ്മീരിലുണ്ടായത്. എന്നാൽ ഇതേ കാലയളവിൽ മുൻവർഷമുണ്ടായത് 311 ഭീകരാക്രമണങ്ങളായിരുന്നു. അതേസമയം രാജ്യത്തെ നക്സൽ ആക്രമണങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2016 നവംബർ ഒന്നിനും ഇക്കഴിഞ്ഞ ഒക്ടോബർ 31നും ഇടയ്ക്ക് രാജ്യത്തുണ്ടായത് 857 നക്സൽ ആക്രമണങ്ങളാണ്. എന്നാൽ ഇതേ കാലയളവിൽ മുൻവർഷമുണ്ടായതാകട്ടെ 1078 അക്രമങ്ങളായിരുന്നു.
നവംബർ എട്ടിനു നടപ്പാക്കിയ നോട്ടുനിരോധനത്തിനു ശേഷം നക്സൽ ബാധിത മേഖലകളിൽ നിന്നും മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ നിന്നും 90 ലക്ഷം രൂപ പിടിച്ചെടുത്തു. 2016 നവംബർ എട്ടിനും 29നും ഇടയ്ക്ക് 564 നക്സൽ പ്രവർത്തകരും അവരോട് അനുഭാവം പ്രകടിപ്പിച്ചിരുന്നവരും കീഴടങ്ങി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത സംഘർഷങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 2016 നവംബറിനും ഇക്കഴിഞ്ഞ ഒക്ടോബറിനും ഇടയിൽ 323 അക്രമസംഭവങ്ങളാണുണ്ടായത്. എന്നാൽ മുൻവർഷം ഇതേ കാലയളവിൽ 507 അക്രമങ്ങളായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മിക്ക വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അക്രമസംഭവങ്ങൾ കുറഞ്ഞതായും മന്ത്രി വ്യക്തമാക്കുന്നു.

