ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്ത് വിട്ട് ദിനകരൻ പക്ഷം
ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിൽ നിലനിൽക്കുന്ന ദുരൂഹതകളുടെ മറനീക്കി ടി.ടി.വി ദിനകരൻ പക്ഷം. ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ ദിനകര പക്ഷത്തെ പ്രമുഖനും മുൻ എം.എൽ.എയുമായ പി. വെട്രിവേൽ ചെന്നൈയിലെ മാധ്യമപ്രവർത്തകർക്ക് ദൃശ്യങ്ങൾ കൈമാറി. ചെന്നൈയിലെ അപ്പോളോ ആശുപത്രിക്കിടക്കയിൽ ജയലളിത ടി.വി കാണുന്നതും ജ്യൂസ് കുടിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ദൃശ്യങ്ങൾ പുറത്തുവിടേണ്ട സമയത്ത് തങ്ങൾ അതു ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ ചെയ്തതെന്നും വെട്രിവേൽ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ആരും നിർബന്ധിച്ചിട്ടില്ലെന്നും വെട്രിവേൽ വ്യക്തമാക്കി. എല്ലാവരും പറയുന്നതുപോലെ ജയലളിത മരണാസന്നയായതിന് ശേഷമല്ല ആശുപത്രിയിലെത്തിച്ചതെന്നാണ് വെട്രിവേൽ പറയുന്നത്.
ജയലളിതയുടെ മരണത്തിന് പിന്നിൽ ശശികലയും ദിനകരനുമാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ജയലളിത ആശുപത്രിയിൽ സുരക്ഷിതയായിരുന്നുവെന്നു സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ അന്വേഷണ കമ്മീഷന് നൽകുമെന്ന് ദിനകരൻ പക്ഷത്തെ മുൻ എം.എൽ.എ വെട്രിവേൽ പറഞ്ഞു. ജയലളിത ആരോഗ്യവതിയായിരുന്നുവെന്നും സ്വകാര്യത കണക്കിലെടുത്താണ് വീഡിയോ പുറത്തുവിടാതിരുന്നതെന്നും വെട്രിവേൽ കൂട്ടിച്ചേർത്തു. ജയലളിതയുടെ മരണത്തിന് പിന്നിൽ ദുരൂഹതയില്ലെന്നും ചികിത്സയിലിരിക്കെ അപ്പോളോ ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനുകളെല്ലാം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതിനുമാണ് ഇപ്പോൾ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
അതേസമയം ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ദൃശ്യങ്ങൽ പുറത്തുവിട്ടതെന്നും സൂചനകളുണ്ട്. നാളത്തെ വോട്ടെടുപ്പിൽ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണ് ദിനകരൻ പക്ഷം പ്രതീക്ഷിക്കുന്നത്. അതേസമയം തമിഴ്നാട് ജയലളിത ആശുപത്രിയിൽ കഴിയുന്ന വീഡിയോ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീഡിയോ സംപ്രേഷണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

