തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണം : അഖിലേഷ് യാദവ്
ലക്നൗ : വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ കഴിയുമെന്ന സാഹചര്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങൾക്കു (ഇവിഎം) പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അടുത്തിടെ നടന്ന യുപി തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ബിജെപി വിജയച്ചിടങ്ങളിലെല്ലാം വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്. എന്നാൽ ബിജെപി പരാജയപ്പെട്ട് സ്ഥലങ്ങളിൽ ഇവിഎമ്മിനു പകരം ബാലറ്റാണ് ഉപയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കാൺപുർപോലുള്ള സ്ഥലങ്ങളിൽ വോട്ടർമാർ ഏതു ബട്ടണിൽ വിരൽ അമർത്തിയാലും വോട്ട് ബിജെപിക്കുപോകുന്ന സ്ഥിതിയാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിംഗ് യന്ത്രങ്ങൾ ന്യൂനതയുള്ളവയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിക്കണം. സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.
നേരത്തെ വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുന്നതിനെ വിമർശിച്ച് ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തിയിരുന്നു. ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പു നടത്തിയാൽ ബിജെപിയെ പരാജയപ്പെടുത്തി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി ചരിത്രവിജയം നേടുമെന്നും മായാവതി അവകാശപ്പെട്ടു.

