പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരി­ധി­ നീ­ട്ടി­


ന്യൂഡൽഹി : ആദായനികുതി വകുപ്പ് നൽകുന്ന പെർമനന്‍റ് അക്കൗണ്ട് നന്പർ (പാൻ) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി 2018 മാർച്ച് 31 വരെ നീട്ടി. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്‍റേതാണ് തീരുമാനം. മാർച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധുവാകും. നേരത്തെ ഡിസംബർ 31 വരെയായിരുന്നു ആധാർ പാനുമായി ബന്ധിപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്. ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയം നീട്ടാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാരും നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 

അതേസമയം ആധാർ ഇല്ലാത്തവർക്ക് ബാങ്ക് അക്കൗണ്ടുമായും സർക്കാരിന്‍റെ വിവിധ ക്ഷേമ പദ്ധതികളുമായും ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബർ 31ൽ നിന്ന് മാർച്ച് 31 ആക്കി നീട്ടുമെന്ന് കേന്ദ്രസർക്കാർ ഇന്നലെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഉടനിറങ്ങും. എന്നാൽ നിലവിൽ ആധാർ ഉള്ളവരുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. മൊബൈൽ നന്പറുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ആറായാണ് നിശ്ചയിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed