രാജ്യത്ത് നിലനിൽക്കുന്നത് അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്ന സാഹചര്യം
മുംബൈ : വ്യത്യസ്ത അഭിപ്രായം പറയുകയും സിനിമകൾ നിർമ്മിക്കുകയും ചെയ്യുന്നവർക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് മുംബൈ ഹൈക്കോടതി. സഞ്ചയ് ബൻസാലിയുടെ പത്മാവതി എന്ന സിനിമയ്ക്കെതിരായി ഉയർന്ന പ്രതിഷേധത്തിന്റെ ഭാഗമായി നടി ദീപിക പദുകോണിനെ വധിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
കലാകാരന്മാർക്കെതിരെ വധഭീഷണി മുഴക്കുകയും കലാസൃഷ്ടികൾപ്രദർശിപ്പിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം മറ്റൊരു രാജ്യത്തുമില്ല. രാജ്യം എങ്ങോട്ടാണ് പോകുന്നത് ?തുടർച്ചയായ ഭീഷണികൾമൂലം രാജ്യത്ത് ഒരു സിനിമ പ്രദർശിപ്പിക്കാനാകാതെ വരുന്ന സാഹചര്യം പരിതാപകരമാണ്. അഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കിക്കൊണ്ട് ഏത് അവസ്ഥയിലേയ്ക്കാണ് നാം പോയ്ക്കൊണ്ടിരിക്കുന്നത്?− ജസ്റ്റിസുമാരായ എസ്.സി ധർമ്മാധികാരി, ഭാരതി ദംഗ്രേഎന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
തീയേറ്ററിൽ പത്മാവതി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വരെ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായി. ഇത് മറ്റൊരുതരം സെൻസർഷിപ്പാണ്. പണവും സ്വാധീനവുമുള്ളവർക്കുപോലും ഇതിന് വിധേയരാവേണ്ടി വരുന്നെങ്കിൽരാജ്യത്തെ പാവപ്പെട്ടവരുടെ അവസ്ഥയെന്താണെന്നും കോടതി ചോദിച്ചു. ആര് എന്ത് അഭിപ്രായം പറഞ്ഞാലും അത് അനുവദിക്കില്ലെന്ന് പറയാൻ ഇവിടെ മറ്റൊരു വിഭാഗമുണ്ടാകും എന്നതാണ് സ്ഥിതി. ഇത്തരത്തിൽ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കാൻ ആരെയും അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
സാമൂഹ്യപ്രവർത്തകരും എഴുത്തുകാരുമായ നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരേ എന്നിവരുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ സി.ബി.ഐ, സി.ഐ.ഡി എന്നീ സർക്കാർ ഏജൻസികൾ വലിയ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ അഭിപ്രായം. ഈ കൊലപാതകങ്ങളിൽ അന്വേഷണ ഏജൻകളുടെ അന്വേഷണം നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു.

