താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷം : യാത്രക്കാർ വലയുന്നു
താമരശ്ശേരി : ചുരത്തിൽ വാഹനങ്ങൾ കേടായും വളവുകളിൽ കുടുങ്ങിയും ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ വൈകിട്ട് നാലരയോടെ ഒരു ജ്വല്ലറിയുടെ പരസ്യ വാഹനം ആറാം വളവിനും ഏഴാം വളവിനും ഇടയിൽ കേടായി കുടുങ്ങിയതോടെ രണ്ടു മണിക്കൂറോളം വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ബുധനാഴ്ച കണ്ടെയ്നർ കേടായി പകൽ മുഴുവനും ചുരം യാത്രക്കാർ ദുരിതം പേറിയതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും വാഹനം കേടായി ഗതാഗതം തടസ്സം ഉണ്ടായത്. ചുരം ഏഴാം വളവിൽ ബുധനാഴ്ച രാവിലെ ആറരയോടെയാണ് കൊച്ചിയിൽ നിന്നും വയനാട്ടിലെ കന്പളക്കാട്ടേക്ക് ടൈൽസുമായി പോവുകയായിരുന്ന കണ്ടെയ്നറിന്റെ ഹൗസിങ് തകരാറിലായി ഗതാഗതംതടസ്സപ്പെട്ടത്.
രാത്രി എട്ടുമണിയോടെയാണ് ലോഡിറക്കി മാറ്റി കണ്ടെയ്നർ റോഡരികിലാക്കി വാഹന ഗതാഗതം സുഗമമാക്കിയത്. ചുരത്തിലെ വളവുകൾ പൊളിഞ്ഞു കിടക്കുന്നതും അപകടങ്ങൾ പതിവാകുന്നതിനു കാരണമാണ്. വയനാട്, കോഴിക്കോട് ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ ചുരത്തിലെ ഗതാഗതം സുഗമമാക്കാൻ ഉന്നത തലയോഗങ്ങൾ നടത്തിയെങ്കിലും റോഡ് നന്നാക്കിയില്ല.
പൊട്ടിപ്പൊളിഞ്ഞ വളവുകളിലെ രൂക്ഷമായ പൊടി ശല്യം ചുരത്തിൽ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസിനു ഭീഷണിയായി മാറിയിരിക്കുകയാണ്. അമിത ഭാരം വഹിച്ചു കൊണ്ടുള്ള വാഹനങ്ങൾ നിരോധിക്കണമെന്ന ആവശ്യവും ഇനിയും നടപ്പായിട്ടില്ല. കണ്ടെയ്നർ പോലുള്ള വലിയ വാഹനങ്ങൾക്കു പകൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യവും ബന്ധപ്പെട്ടവർ ചെവിക്കൊള്ളുന്നില്ലെന്ന ആക്ഷേപം പൊതുവെ ഉയർന്നു വന്നിട്ടുണ്ട്.

