പുകമഞ്ഞിൽ വലഞ്ഞ് ഡൽഹി : മാറ്റമില്ലാതെ കാലാവസ്ഥ
ന്യൂഡൽഹി : തലസ്ഥാനത്ത് പുകമഞ്ഞ് ജനജീവിതം ദുസ്സഹമാക്കുന്നു. രാജ്യാന്തര ക്രിക്കറ്റ് മത്സരത്തെപ്പോലും കരിനിഴലിലാക്കിയ ഡൽഹിയിലെ പുകമഞ്ഞിന് അൽപ്പം പോലും ശമനമുണ്ടായിട്ടില്ല. ഇന്ന് രാവിലെയും ഡൽഹി-ദേശീയ തലസ്ഥാന മേഖലയിലെ (എൻസിആർ) വായുശുദ്ധി ‘സിവിയർ’ എന്ന വിഭാഗത്തിൽത്തന്നെ നിൽക്കുകയാണ്. ഡൽഹിയിലെ ലോധി റോഡ് മേഖലയിൽ മലിനകാരികളായ പിഎം 2.5, പിഎം 10 എന്നിവ ‘സിവിയർ’ എന്ന വിഭാഗത്തിലാണു നിൽക്കുന്നതെന്നു വായുശുദ്ധി സൂചിക വ്യക്തമാക്കുന്നു.
കനത്ത പുകമഞ്ഞിനെത്തുടർന്ന് 20 ട്രെയിനുകൾ വൈകി ഓടും. അഞ്ച് ട്രെയിനുകൾ പുനഃക്രമീകരിച്ചു. 10 എണ്ണം റദ്ദാക്കി. നവംബർ ഏഴു മുതൽ 13 വരെയുള്ള ദിവസങ്ങളിലാണ് തലസ്ഥാനത്തെ വായുശുദ്ധി ‘സിവിയർ’ എന്ന പട്ടികയിൽപ്പെട്ടത്. പിന്നീട് മോശം, അതീവ മോശം എന്ന നിലയിൽ പോയിരുന്ന വായുശുദ്ധി ഇക്കഴിഞ്ഞ ദിവസമാണ് ‘സിവിയർ’ എന്ന പട്ടികയിൽ പ്രവേശിച്ചത്.

