ഗുജറാത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി ജിഗ്നേഷ് മേവാനിക്കെതിരെ ആക്രമണം
അഹമ്മദാബാദ് : ഗുജറാത്ത് നിയമ സഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ദളിത് നേതാവ് ജിഗ്നേഷ് മേവാനിയ്ക്കു നേരെ ആക്രമണം. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മേവാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സംഭവം. അക്രമത്തിനു പിന്നിൽ ബിജെപിയാണെന്ന് മേവാനി ആരോപിച്ചു.
ഇന്നലെ പാലന്പുരിലാണ് ഒരു സംഘം ജിഗ്നേഷ് മേവാനിയുടെ കാറിനു നേരെആക്രമണം നടത്തിയത്. കാറിന്റെ ചില്ലു തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിൽ മേവാനിക്കു ഗുരുതര പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
തക്കർവാഡ ഗ്രാമത്തിൽ വെച്ച് ബിജെപി പ്രവർത്തകർ തന്റെ കാറിനു നേരെ ആക്രമണം നടത്തിയതായും ബിജെപിയുടെ ഭയമാണ് ഇത്തരം ആക്രമണത്തിനു പിന്നിലെന്നും മേവാനി പറഞ്ഞു. എന്നാൽ താൻ ബിജെപിയ്ക്ക് എതിരെ ശക്തമായി പോരാടുമെന്നും ബിജെപിമുന്നോട്ടുെവയ്ക്കുന്ന തെറ്റായ വികസന മാതൃകയുടെ പൊള്ളത്തരം തുറുന്നു കാട്ടുമെന്നും വഡ്ഗാമിലെ ജനങ്ങളുടെപിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും നൽകിയിട്ടില്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലാത്തതിനാൽ പരാതി നൽകുന്നില്ലെന്ന് മേവാനിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, മേവാനിക്കെതിരായ അക്രമത്തിന് ബിജെപിക്ക് ബന്ധമൊന്നുമില്ലെന്ന് ബിജെപി വക്താവ് ജഗദീഷ് ഭവ്സർ പറഞ്ഞു. വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

