ഇസ്രയേൽ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കാൻ ട്രംപ്
വാഷിംഗ്ടൺ : ഇസ്രയേൽ ബന്ധത്തിൽ സുപ്രധാന നയമാറ്റവുമായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഇസ്രയേൽ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കാനാണ് ട്രംപിന്റെ പുതിയ നീക്കം. തീരുമാനം നടപ്പിലായാൽ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യരാജ്യമായി അമേരിക്ക മാറും. ജറുസലേമിന്റെ കാര്യത്തിൽ പതിറ്റാണ്ടുകളായി അമേരിക്ക സ്വീകരിച്ചുവരുന്ന നിലപാടിനെ അട്ടിമറിച്ചുകൊണ്ടാണ് ട്രംപിന്റെ പുതിയ നീക്കം.
ഇതു സംബന്ധിച്ച് പ്രസിഡണ്ട് ഔദ്യോഗികമായ പ്രഖ്യാപനം ഉടനെ നടത്തും. ഇതിനു മുന്നോടിയായി ടെൽ അവീവിലെ യു.എസ് എംബസി ജറുസലേമിലേക്കു മാറ്റാനുള്ള നടപടി തുടങ്ങി. എന്നാൽ, എംബസി മാറ്റത്തിന് മൂന്നുനാലു വർഷം വേണ്ടിവരുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ മറ്റൊരു വാഗ്ദാനം കൂടി പ്രസിഡണ്ട് പാലിക്കുകയാണ്. ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്നതും ഇസ്രയേൽ പലസ്തീൻ സമാധാന കരാറും തമ്മിൽ ബന്ധമില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.
എംബസി മാറ്റുന്നത് സംബന്ധിച്ച് മേഖലയിലെ മറ്റു രാഷ്ട്രത്തലവന്മാരുമായി ട്രംപ് ആശയവിനിമയം നടത്തിയതായും റിപ്പോർട്ട് പറയുന്നു. എന്നാൽ, ഇത് മുസ്ലിങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കുമെന്നും മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുമെന്നുമാണ് പല രാജ്യങ്ങളുടെയും നിലപാട്. ഫ്രാൻസ് അടക്കമുള്ള അമേരിക്കയുടെ അടുപ്പക്കാരായ യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയുടെ പുതിയ നീക്കത്തെ എതിർത്തിട്ടുണ്ട്.
പലസ്തീൻ പ്രസിഡണ്ട് മഹമ്മൂദ് അബ്ബാസ് ഇതു സംബന്ധിച്ച് ട്രംപുമായി ഫോണിൽ ബന്ധപ്പെട്ടതായും തീവ്രവാദികളുടെ കൈയിലെ കളിപ്പാവയായി ട്രംപ് മാറിയെന്നും ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയതായും വക്താവ് പറഞ്ഞു.
ഇസ്രയേൽ −പലസ്തീൻ വിഷയത്തിൽ അമേരിക്ക സ്വീകരിച്ചുവന്ന സമാധാന ശ്രമങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമാണ് അമേരിക്കയുടെ പുതിയ നീക്കം.

