രാ­ഹുൽ ഇഫക്ട് ഗു­ജറാ­ത്തിൽ ഫലം കാ­ണു­ന്നതാ­യി­ സൂ­ചന


ന്യൂഡൽഹി : നിയുക്ത കോൺ‍ഗ്രസ് പ്രസിണ്ടിന്റെ പ്രചരണം ഗുജറാത്തിൽ‍ ഫലം കണ്ട് തുടങ്ങിയെന്ന് സൂചന.  നവംബറിലെ അവസാന ആഴ്ചയിൽ‍ നടത്തിയ സർ‍വ്വേ ഫലം അനുസരിച്ച് ബി.ജെ.പിക്ക് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് അത്ര എളുപ്പമല്ലെന്നാണ് അറിയുന്നത്.  22 വർ‍ഷമായി പ്രതിപക്ഷത്തുള്ള കോൺഗ്രസ്സിന് ആശ്വാസമാകുന്നതാണ് ഫലസൂചനകൾ‍. ഇരു പാർ‍ട്ടികൾ‍ക്കും 43 ശതമാനം വോട്ടുകൾ‍ കിട്ടിയേക്കുമെന്നാണ് സൂചന. 182 അംഗ നിയമസഭയിൽ‍ ബി.ജെ.പി 91നും 99നും ഇടയിൽ‍ സീറ്റ് നേടുന്പോൾ‍ കോൺഗ്രസ് 78നും 86നും ഇടയിൽ‍ സീറ്റ് നേടുമെന്നാണ് വിവരം. 

ഗുജറാത്തിന്റെ വടക്കും തെക്കും മേഖലകൾ‍ കോൺഗ്രസ്സിന് ശക്തമായ സ്വാധീനം ഉണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ‍. ബി.ജെ.പിയ്ക്ക് സൗരാഷ്ട്രയിലും മധ്യഭാഗങ്ങളിലും മാത്രമേ നേട്ടമുണ്ടാക്കാൻ കഴിയൂ. പട്ടണപ്രദേശങ്ങളിൽ‍ ബി.ജെ.പിയും ഗ്രാമങ്ങളിൽ‍ കോൺഗ്രസ്സും നേട്ടമുണ്ടാക്കുമെന്നും പുതിയ അഭിപ്രായ സർ‍വ്വേ പറയുന്നു.

ഗുജറാത്തിൽ‍ ഈ മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മൂന്നാമത്തെയും അവസാനത്തെയും അഭിപ്രായ സർ‍വ്വേയാണിത്. മുൻ പ്രവചനങ്ങളിൽ‍ ബി.ജെ.പിക്കായിരുന്നു മുൻ‍തൂക്കം. മോഡിയുടെ വ്യക്തിപ്രഭാവവും ജനപ്രീതിയും മൂന്നുമാസത്തിനുള്ളിൽ‍ 18 ശതമാനമായി ഇടിഞ്ഞു. ആഗസ്റ്റിൽ‍ 82 ശതമാനമുണ്ടായിരുന്നത് 18 ശതമാനം കുറഞ്ഞ് 64 ശതമാനമായി.

അതേസമയം, രാഹുൽ‍ ഗാന്ധിയുടെ ജനപ്രീതി 40 ശതമാനമായിരുന്നത് 57 ശതമാനമായി ഉയർ‍ന്നു. വ്യാപാര സമൂഹത്തിനിടയിലും സ്ത്രീ വോട്ടർ‍മാർ‍ക്കിടയിലും കോൺഗ്രസ്സിനുള്ള പിന്തുണ വർദ്‍ധിച്ചു. ആഗസ്റ്റിലെ 59 ശതമാനത്തിൽ‍നിന്ന് 16 കുറഞ്ഞ് 43 ശതമാനമാണ് ബി.ജെ.പിയുടെ നിലവിലെ വോട്ടുനില. കോൺ‍ഗ്രസ്സിന്റെ വോട്ട് 29 ശതമാനത്തിൽ‍നിന്നും 14 കൂടി 43 ശതമാനമായി വർ‍ദ്ധിച്ചു.

ആഗസ്റ്റിൽ‍ 50 ശതമാനവും ബി.ജെ.പിയെ പിന്തുണച്ചിരുന്ന സ്ത്രീ വോട്ടർ‍മാർ‍ നവംബറിലെത്തുന്പോൾ‍ 42ശതമാനം വോട്ടും കോൺഗ്രസ്സിനാണ് കൊടുക്കുന്നത്. ഒപ്പം ബി.ജെ.പിക്കുള്ള പിന്തുണ 44 ശതമാനമായി കുറച്ചു.

പട്ടേൽ‍ സമുദായത്തിന് നിർ‍ണായക സ്വാധീനവും ദളിതുകളുടെ സജീവ സാന്നിദ്ധ്യവുമുള്ള സൗരാഷ്ട്ര മേഖലയിൽ‍ വോട്ട് അനുപാതത്തിൽ‍ ബി.ജെ.പിയും കോൺ‍ഗ്രസ്സും ഒപ്പത്തിനൊപ്പമാണ്. കർ‍ഷകർ‍ക്ക് മുൻ‍തൂക്കമുള്ള ഉത്തര ഗുജറാത്തിൽ‍ കോൺഗ്രസ്സിനാണ് മേൽ‍ക്കൈ.

അതേസമയം, മധ്യഗുജറാത്തിൽ‍ ബി.ജെ.പിയെ അപേക്ഷിച്ച് 16 ശതമാനം പിന്നിലാണ് കോൺ‍ഗ്രസ്. തെക്കൻ ഗുജറാത്തിൽ‍ നോട്ട് നിരോധനവും ജി.എസ്.ടിയും സൃഷ്ടിച്ച പ്രതിഷേധം വോട്ടായി മാറുകയാണെങ്കിൽ‍ കോൺ‍ഗ്രസ്സിന്റെ നില മെച്ചപ്പെടാം. ഗുജറാത്ത് നിയമസഭയിൽ‍ 182 സീറ്റുകളാണുള്ളത്. 2012ൽ‍ ബി.ജെ.പിക്ക് 117 സീറ്റും കോൺഗ്രസ്സിന് 60 സീറ്റുമാണ് ലഭിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed