യാത്രാക്കപ്പൽ എം.വി മിനിക്കോയിക്ക് ഉടൻ തുറമുഖം വിടാനാകില്ല
ബേപ്പൂർ : ഓഖി ചുഴലിക്കാറ്റ് ശമിച്ചാലും യാത്രാക്കപ്പലായ എം.വി. മിനിക്കോയിക്ക് ഉടൻ ബേപ്പൂർ തുറമുഖം വിടാനാകില്ല. ചുഴലിക്കാറ്റിൽ ചുക്കാൻ കേടായതാണ് കപ്പലിന്റെ മടക്കയാത്ര മുടങ്ങിയത്. കപ്പലിന്റെ ദിശാനിയന്ത്രണ സംവിധാനം ഇതുവരെ ശരിയാക്കാൻ സാധിച്ചിട്ടില്ല. കപ്പൽ നടത്തിപ്പുകാരായ ലക്ഷദ്വീപ് ഡെവലപ്പ്‌മെന്റ കോർപ്പറേഷന്റെ ടെക്‌നിക്കൽ സൂപ്രണ്ട് ക്യാപ്റ്റൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം കപ്പലിനെ പ്രവർത്തനസജ്ജമാക്കാനുള്ള ശ്രമത്തിലാണ്.
ഇന്ന് കൊച്ചിയിൽനിന്നെത്തുന്ന ഇന്ത്യൻഷിപ്പിംഗ് രജിസ്ട്രാറിന്റെ സർവ്വേയർമാരുടെ പരിശോധനപൂർത്തിയായാലേ ദ്വീപിലേക്കുള്ള കപ്പൽയാത്ര ആരംഭിക്കാനാവൂ. അഞ്ച് ദിവസം മുന്പാണ് ഈ കപ്പലിലേക്ക് ടിക്കറ്റെടുത്ത് ലക്ഷദ്വീപിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങി 102 പേർ എത്തിയിരുന്നത്. ചുഴലിക്കാറ്റ് ലക്ഷദ്വീപ് സമുദ്രപാതയിൽ അതിശക്തമായതോടെ കപ്പൽയാത്ര റദ്ദ്‌ചെയ്യുകയായിരുന്നു. കപ്പൽയാത്രക്കാർ ഇപ്പോഴും കോഴിക്കോട്ട് കഴിയുകയാണ്. കഴിഞ്ഞ ദിവസംമുങ്ങൽ വിദഗ്ധർ എം.വി മിനിക്കോയ് കപ്പലിനടിയിൽ പരിശോധന നടത്തിയെങ്കിലും പിഴവ് എന്തെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന് കപ്പൽ പ്രവർത്തന സജ്ജമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് യാത്രതിരിക്കേണ്ടവരെ കൊച്ചിയിൽ നിന്നുള്ള കപ്പലിൽ എത്തിക്കേണ്ടിവരും.

