ഇന്ത്യ ആറ് അന്തർവാഹിനികൾ നിർമ്മിക്കാനൊരുങ്ങുന്നു
ന്യൂഡൽഹി : നാവികസേനയ്ക്ക് കരുത്ത് പകരുന്നതിനായി ആണവ വാഹക ശേഷിയുള്ള ആറ് മുങ്ങിക്കപ്പലുകൾ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യ− പസഫിക് മേഖലയിലെ ചൈനീസ് നാവിക പ്രതിരോധ സാന്നിധ്യം കണക്കിലെടത്ത് നാവിക സേനയുടെ ശക്തി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്കായി ഇന്ത്യ ഒരുങ്ങുന്നത്.
സേനക്കു വേണ്ടി ബൃഹത്തായ പദ്ധതിയാണ് ആവിഷ്‌കരിക്കുന്നതെന്ന് നാവികസേന ചീഫ് അഡ്മിറൽ സുനിൽ ലാൻബ അറിയിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ത്യ, യു.എസ്, ഓസ്‌ട്രേലിയ, ജപ്പാൻ ചതുഷ്‌കോണ കൂട്ടായ്മയിൽ വലിയ പങ്ക് വഹിക്കാൻ ഇന്ത്യൻ നാവികസേന ഒരുങ്ങുകയാണെന്നും ലാൻബ പറഞ്ഞു. നാവിക ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കെതിരായ ഏതുഭീഷണിയേയും പ്രതിരോധിക്കാൻ നാവികസേന സജ്ജമാണെന്നും ലാൻബ കൂട്ടിച്ചേർത്തു. സേനയെ ശക്തിപ്പെടുത്താൻ കൂടുതൽ യുദ്ധക്കപ്പലുകൾ, ആണവ അന്തർവാഹിനികൾ, പുത്തൻ ആയുധ സാമഗ്രികൾ തുടങ്ങിയവ വികസിപ്പിക്കുമെന്നും നാവികസേനാ മേധാവി അറിയിച്ചു.
അതേസമയം ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനിലെ ഗ്വേദർ തുറമുഖത്തെ ചൈനയുടെ സാന്നിദ്ധ്യം ഭീഷണി ഉയർത്തുന്നുണ്ടെന്നും ഇത് നേരിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ലാംബ പറഞ്ഞു.
2009ൽ നീറ്റിലിറക്കിയ അരിഹന്താണ് ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആണവ അന്തർ വാഹിനി. ഇത് 2016ൽ സൈന്യത്തിന്റെ ഭാഗമായി.


