രാഷ്ട്രീയ തിരിച്ചടികളുണ്ടായാൽ നേരിടാൻ തയ്യാറാണെന്ന് മോഡി
ന്യൂഡൽഹി : ഭാരതത്തിന്‍റെ വികസനത്തിനായി കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളുടെ രാഷ്ട്രീയ ഫലങ്ങൾ നേരിടാൻ താൻ തയ്യാറാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദേശീയ തലസ്ഥാനത്ത് ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കവെ നോട്ട് നിരോധനവും ജി.എസ്.ടിയും അടക്കമുള്ള വിഷയങ്ങളിൽ ഉയരുന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി രഹിത, വ്യക്തി കേന്ദ്രീകൃത, വികസന സൗഹൃദ പരിസ്ഥിതി സംജാതമാക്കുകയാണ് തന്‍റെ സർക്കാരിന്‍റെ പ്രഥമ ദൗത്യമെന്നും നിലവറയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന സർക്കാരുകൾ ആശയക്കുഴപ്പം സൃഷ്ടിക്കും. എന്നാൽ നിലവിലെ സർക്കാർ സമഗ്ര വികസന സമീപനമാണ് സ്വീകരിക്കുന്നതെന്നും പറഞ്ഞ മോഡി നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ നിലവറ സന്പാദ്യങ്ങൾ പുറത്തുകൊണ്ടുവരാൻ സാധിച്ചെന്നും ആധാർ കാർഡ് ബന്ധിപ്പിക്കൽ ബിനാമി ഇടപാടുകൾ തടയാൻ ഫലപ്രദമാണെന്നും അവകാശപ്പെടുകയും ചെയ്തു.


