തലച്ചോറിൽ രക്തസ്രാവം : ആന്റണിക്ക് ശസ്ത്രക്രിയ
ന്യൂഡൽഹി : തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഇന്നലെ വൈകിട്ട് കുഴഞ്ഞുവീണതിനെ തുടർന്ന് ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തസമ്മർദ്ദം കുറഞ്ഞ നിലയിലായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീഴ്ചയിൽ തലയ്ക്കും പരിക്കേറ്റിരുന്നു. രക്തസമ്മർദ്ദത്തിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞ നിലയിലായിരുന്നു.
76 വയസ്സുകാരനായ ആന്‍റണി നിലവിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഇന്ന് രാവിലെ ഡോക്ടർമാർ യോഗം ചേർന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ശസ്ത്രക്രിയ നടത്താമെന്ന് തീരുമാനിച്ചത്. അദ്ദേഹം മൂന്ന് തവണ കേരള മുഖ്യമന്ത്രി പദവും രണ്ട് തവണ പ്രതിരോധമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്.


