ഹർത്താൽ : നഷ്ടപരിഹാരത്തിന് സംസ്ഥാനങ്ങളിൽ പ്രത്യേക കോടതി രൂപീകരിക്കാൻ നിർദ്ദേശം
ന്യൂഡൽഹി : ഹർത്താലും പൊതുപണിമുടക്കുകളും മൂലം പൊതുമുതലും സ്വകാര്യസ്വത്തും നശിപ്പിക്കപ്പെടുന്നതു സംബന്ധിച്ച പരാതികൾ കേൾക്കുന്നതിനും നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുമായി എല്ലാ സംസ്ഥാനത്തും കോടതി രൂപീകരിക്കാൻ കേന്ദ്രസർക്കാരിനു സുപ്രീം കോടതി നിർദ്ദേശം. ഹർത്താലിന്റെ പേരിൽ സ്വത്തുക്കൾ നശിപ്പിക്കുന്ന സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾക്കെതിരെ ക്രിമിനൽ നടപടി വേണമെന്നു കോടതി വ്യക്തമാക്കി. പൊതുതാൽപര്യ ഹർജിയിലാണു ജഡ്ജിമാരായ ആദർശ് കുമാർ ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ചിന്റെ നടപടി.
സംസ്ഥാനത്തിന്റെ വലുപ്പമനുസരിച്ച്, ഹൈക്കോടതിയുമായി ആലോചിച്ച് ഒന്നോ രണ്ടോ കോടതികൾ വേണമെന്നും ജില്ലാ ജഡ്ജിക്കു ചുമതല നൽകാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ബന്ദും ഹർത്താലും നേരിടുന്നതിനു സുപ്രീം കോടതി 2009ൽ നൽകിയ മാർഗ നിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നാരോപിച്ചാണ് കോശി ജേക്കബ് എന്ന അഭിഭാഷകൻ സുപ്രീം കോടതിയെ സമീപിച്ചത്.
പൊതുമുതലും സ്വകാര്യസ്വത്തും നശിപ്പിക്കുന്നതു തടയാനുള്ള കരടു ബിൽ തയ്യാറാക്കി ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നു കേന്ദ്രസർക്കാരിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വ്യക്തമാക്കി. കരടു ബില്ലിനെക്കുറിച്ച് ഒട്ടേറെ അഭിപ്രായങ്ങൾ ലഭിച്ചിട്ടുണ്ട്. തുടർനടപടികൾക്കായി അവ പരിശോധിക്കുകയാണ്. തങ്ങൾ നൽകിയ മാർഗരേഖയും നിയമമുണ്ടാക്കുന്പോൾ കേന്ദ്രസർക്കാർ പരിഗണിക്കുമെന്നു പ്രതീക്ഷിക്കുന്നതായി കോടതി പറഞ്ഞു. ഹർജിക്കാരനുവേണ്ടി വിൽസ് മാത്യൂസ്, അഡോൾഫ് മാത്യു, ഉഷാ നന്ദിനി, എന്നിവർ ഹാജരായി.
കേരളത്തിൽ മാത്രം 2005 മുതൽ 2012 വരെ 363 ഹർത്താലുകൾ നടന്നെന്നും ഒരു ഹർത്താൽ ദിവസം താനും ദുരിതത്തിലായെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.


