അച്ഛനെ കാണാൻ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് സീൽ പതിപ്പിച്ചു
ഭോപ്പാൽ : വിചാരണത്തടവുകാരനായ അച്ഛനെ കാണാൻ രക്ഷാബന്ധൻ ദിനത്തിൽ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് ജയിൽ അധികൃതർ സീൽ പതിപ്പിച്ചു. ഭോപ്പാൽ സെൻട്രൽ ജയിലിലാണ് സംഭവം. ജയിലേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിനാണ് കുട്ടികളുടെ മുഖത്ത് സീൽ പതിപ്പിച്ചത്. സംഭവം വിവാദമായതോടെ മധ്യപ്രദേശ് സർക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ അപലപിക്കുന്നതായും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കുസും മെഹ്ഡേല പറഞ്ഞു.
ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും മുഖത്ത് സീൽ പതിപ്പിച്ച സംഭവത്തിൽ ജയിൽ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശിശുക്ഷേമ വകുപ്പ് ചെയർമാൻ ഡോ.രാഘവേന്ദ്ര പറഞ്ഞു. എന്നാൽ കുട്ടികളുടെ മുഖത്ത് സീൽ പതിപ്പിച്ചത് മനപൂർവമല്ലെന്നും തിരക്കിനിടയിൽ സംഭവിച്ചതായിരിക്കാമെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. രക്ഷാബന്ധൻ ദിനത്തിൽ ഒട്ടേറപ്പേരാണ് ജയിലിൽ ബന്ധുക്കളെ സന്ദർശിക്കുന്നതിന് എത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം 8500 ഓളം പേരെത്തിയിരുന്നു. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജയിൽ സൂപ്രണ്ട് ദിനേഷ് നാർഗവെ പറഞ്ഞു.

