ഇന്ന് എപിജെ അബ്ദുല്‍ കലാമിന്റെ രണ്ടാം ചരമ വാര്‍ഷികം


ന്യൂഡൽഹി : ഇന്ത്യയുടെ മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ രണ്ടാം ചരമ വാര്‍ഷികം ജൂലൈ 27 ആയ ഇന്ന് രാജ്യം ആചരിക്കുകയാണ്. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു കലാം. പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം, ബഹിരാകാശഗവേഷണകേന്ദ്രം തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പത്മഭൂഷനും, പത്മവിഭൂഷനും, പരമോന്നത ബഹുമതിയായ ഭാരതരത്നയും ലഭിച്ചിട്ടുണ്ട്.  2020ഓടെ ഇന്ത്യയെ ഒരു സമ്പൂര്‍ണ്ണ വികസിത രാഷ്‌ട്രമാക്കാന്‍ 500ലധികം വിദഗ്ധരുടെ സഹായത്തോടെ വിഷന്‍ 2020 തയ്യാറാക്കി. കേരളത്തിലുള്‍പ്പെടെ 12 സംസ്ഥാന നിയമ സഭകളിലും പത്തിന കര്‍മ്മപദ്ധതി അവതരിപ്പിച്ചു. 2015 ജൂലൈ 27 ന് 84-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed