ഇന്ത്യയുടെ 14–ാമത് രാഷ്ട്രപതിയായി റാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു


ന്യൂഡൽഹി : രാജ്യത്തിന്റെ പ്രഥമ പൗരനായി റാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി സ്ഥാനത്തെ ഏറെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും ഉത്തരവാദിത്തം സന്തോഷത്തോടെ നടപ്പാക്കുമെന്നും റാം നാഥ് കോവിന്ദ് പറഞ്ഞു. ഇന്ത്യയുടെ 14–ാമത് രാഷ്ട്രപതിയായ റാം നാഥ് കോവിന്ദിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഡോ. രാധാകൃഷ്ണൻ, ഡോ. അബ്ദുൽ കലാം, പ്രണബ് മുഖർജി തുടങ്ങിയവർ നടന്ന വഴിയിലൂടെ നടക്കാൻ സാധിക്കുന്നത് അഭിമാനകരമാണെന്നു കോവിന്ദ് പറഞ്ഞു. ചെറിയൊരു ഗ്രാമത്തിലെ ചെറിയൊരു പശ്ചാത്തലത്തിൽ നിന്നാണു താൻ വരുന്നത്. അതുകൊണ്ടു യാത്ര വളരെ വലുതായിരുന്നു. ഒരു രാജ്യമെന്ന നിലയിൽ നമുക്ക് നിരവധി നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ഇനിയും പലതും നേടാനുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുഖ്യമന്ത്രിമാർ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, റാം നാഥ് കോവിന്ദിന്റെ അടുത്ത ബന്ധുക്കൾ, മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിങ്, ദേവഗൗഡ, മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയിൽ റാം നാഥ് കോവിന്ദും പത്നി സവിത കോവിന്ദും പുഷ്പാർച്ചന നടത്തി. പിന്നീട് മിലിട്ടറി സെക്രട്ടറിയുടെ അകമ്പടിയോടെ രാഷ്ട്രപതി ഭവനിലെത്തി. സ്ഥാനമൊഴിയുന്ന പ്രണബ് മുഖർജിയും റാം നാഥ് കോവിന്ദും ഒരേ വാഹനത്തിലാണു രാഷ്ട്രപതി ഭവനിൽനിന്നും സത്യപ്രതിജ്ഞാ ചടങ്ങിനായി പാർലമെന്റ് മന്ദിരത്തിലേക്കു തിരിച്ചത്. പാർലമെന്റിലെത്തിയ ഇരുവരെയും ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എന്നിവർ ചേർന്നു സ്വീകരിച്ചു പാർലമെന്റിന്റെ സെൻട്രൽ ഹാളിലേക്ക് ആനയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed