ഒഡീഷയിൽ ബീഫ് കയറ്റി എന്നാരോപിച്ച് ജനക്കൂട്ടം ട്രക്ക് കത്തിച്ചു
ഭുവനേശ്വർ : ട്രക്കിൽ അനധികൃതമായി ബീഫ് കയറ്റിയെന്നാരോപിച്ച് ജനക്കൂട്ടം ട്രക്ക് കത്തിച്ചു. ഒഡീഷയിലെ ഗാഞ്ചാം ജില്ലയിലായിരുന്നു സംഭവം. ഭുവനേശ്വറിൽ നിന്നും ആന്ധ്രാപ്രദേശിലേക്ക് പോവുകയായിരുന്ന ട്രക്കാണ് കത്തിച്ചത്.
ദേശീയ പാത പതിനാറിൽ ട്രക്ക് റോഡരികിൽ താഴ്ന്നു പോയതിനെത്തുടർന്ന് ഡ്രൈവറും ക്ലീനറും ക്രെയിൻ ഉപയോഗിച്ച് പൊക്കുന്പോൾ റോഡിൽ രക്തം പരക്കുന്നത് ശ്രദ്ധയിൽപെട്ട വിശ്വഹിന്ദു പരിഷത്തിന്റെയും ബജരംഗ് ദൾ പ്രവർത്തകരും ഓടിക്കൂടി. ഇവർ ബലമായി ഡോർ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. പ്രശ്നം വഷളാവുന്നത് കണ്ട ഡ്രൈവറും ക്ലീനറും ഇതിനിടയിൽ ഓടി രക്ഷപ്പെട്ടു.
തുടർന്ന് പ്രവർത്തകർ ട്രക്ക് കത്തിക്കുകയും ദേശീയപാത 16 തടസപ്പെടുത്തുകയുമായിരുന്നു. സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനായി അഗ്നിശമന സേന സ്ഥലത്ത് എത്തിയപ്പോഴെക്കും ട്രക്ക് പൂർണമായും കത്തി നശിച്ചിരുന്നു. ട്രക്കിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ട്രക്കിൽ അനധികൃതമായി ബീഫ് കടത്തിയത് സത്യമാണോ എന്നത് അന്വേഷിക്കുമെന്നും രക്ഷപ്പെട്ട ഡ്രൈവറെയും ക്ലീനറെയും ഉടൻ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.
1960 ലെ ഒഡിഷ ഗോവധ നിരോധന നിയമ പ്രകാരം പശുവിനെയോ കിടാവിനെയോ കൊല്ലുന്നതോ കടത്തുന്നതോ നിയമ വിരുദ്ധമാണ്. ഇത് പ്രകാരം ഡ്രൈവർക്കും ക്ലീനർക്കും രണ്ട് വർഷം വരെ തടവും 1000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേ സമയം കാർഷികാവിശ്യത്തിനോ കറവയ്ക്കോ യോഗ്യമല്ല എന്ന് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പതിനാല്് വയസിനു മുകളിൽ പ്രായമുള്ള കാളകളെയും പോത്തുകളെയും ഭക്ഷണാവശ്യത്തിന് കൊല്ലാവുന്നതാണ്. കഴിഞ്ഞ മെയ് മാസത്തിലും ഇവിടെ സമാന സംഭവം ഉണ്ടായിരുന്നു.

