ഐഎസ്ആർഒ മുൻ ചെയർമാൻ യു.ആർ റാവു അന്തരിച്ചു
ബെംഗളൂരു : ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആർഒ ചെയർമാനുമായിരുന്ന യു.ആർ. റാവു അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന്് പുലർച്ചെ 2.30ന് ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 1984 മുതൽ 1994 വരെ അദ്ദേഹം ഐഎസ്ആർഒ ചെയർമാനായിരുന്നു.
ഇന്ത്യയുടെ പ്രഥമ ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ 1, മംഗൾയാൻ, ചൊവ്വൗ ദൗത്യം അടക്കമുള്ള ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു. ഇന്ത്യയുടെ അഭിമാനമായ വിക്ഷേപണ വാഹനം പിഎസ്എൽവിയുടെ വികസനത്തിലും നിർണായക പങ്കുവഹിച്ചത് യു.ആർ റാവുവായിരുന്നു. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ജിഎസ്എൽവി റോക്കറ്റിന്റെ ആശയത്തിന് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു.
1976ൽ പത്മഭൂഷണും 2017ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചാൻസലറായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി സർവകലാശാലകളിൽ പ്രഫസറുമായിരുന്നു. 350 ഓളം ശാസ്ത്ര സാങ്കേതിക പ്രബന്ധങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ അഡാമരുവിൽ ജനിച്ച റാവു എംജികെ മേനോൻ, സതീഷ് ധവാൻ, വിക്രം സാരാഭായി എന്നിവരോടൊപ്പം ഇന്ത്യയുടെ നിരവധി ബഹിരാകാശ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
ഉഡുപ്പിയിലെ ക്രിസ്ത്യൻ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി അദ്ദേഹം മദ്രാസ് സർവകലാശാലയിൽ നിന്ന് ബിരുദവും, ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും സ്വന്തമാക്കി. രാജിക്ക് ശേഷം അന്താരാഷ്ട്ര വ്യോമയാന ഫെഡറേഷന്റെ (ഐഎഎഫ്) ഹാൾ ഓഫ് ഫെയ്ം പുരസ്കാരവും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
അതേസമയം റാവുവിന്‍റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു. റാവുവിന്‍റെ മരണത്തിൽ ദുഃഖിക്കുന്നുവെന്നും റാവുവിന്‍റെ സംഭാവനകൾ ശാസ്ത്ര ലോകം എന്നും ഓർക്കുമെന്നും മോഡി കൂട്ടിച്ചേ
ർത്തു.

